സ്വന്തം ലേഖകന്‍: നൈജീരിയയിലെ ചന്തയിലുണ്ടായ ചാവേര്‍ സ്‌ഫോടനം നടത്തിയത് 12 വയസുകാരി പെണ്‍കുട്ടി. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ച പെണ്‍കുട്ടി മാര്‍ക്കറ്റിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്നലെ പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് ഗുജ്ബ ജില്ലയിലെ ആഴ്ച ചന്തയായ വാജിരില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് കാരണക്കാരിയായ 12 വയസ്സുകാരി മാര്‍ക്കറ്റിലെത്തുകയും കച്ചവടക്കാരുടെ ഉപഭോക്താക്കളുടെയും നടുവിലില്‍ നിന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തില്‍ 30 പേര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.
ബോക്കോ ഹറാം പ്രവര്‍ത്തകര്‍ സ്ത്രീകളെയും കുട്ടികളെയും ചാവേറായി ഉപയോഗിക്കുന്നുവെന്നും സാധാരണക്കാരെ ആക്രമിക്കുന്നുവെന്നുമുള്ള ആരോപണം ശക്തമാകുന്നതിനിടെയാണ് ചാവേര്‍ സ്‌ഫോടനം. തിങ്കളാഴ്ച 17 വയസുകാരി ബസ്സ്സ്റ്റാന്റില്‍ നടത്തിയ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത് 20 പേരാണ്.
സമാനമായ മറ്റൊരു സംഭവത്തില്‍ ചാവേറായെത്തിയ പതിനേഴുകാരി മാത്രമാണ് കൊല്ലപ്പെട്ടത്. നൈജീരിയയില്‍ ആറുവര്‍ഷമായി തുടരുന്ന കലാപത്തിനിടെ ആയിരക്കണക്കിന് നിരപരാധികള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല