സ്വന്തം ലേഖകൻ: ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) പുരസ്‌കാരം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കാനൊരുങ്ങി നൈജീരിയ. 1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി. പ്രധാനമന്ത്രിക്ക് ഒരു വിദേശരാജ്യം നൽകുന്ന 17-ാമത് അന്താരാഷ്ട്ര അവാർഡാണിത്.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി മോദി നൈജീരിയയിലെത്തിയതിനിടെയാണ് പുരസ്കാര പ്രഖ്യാപനവുമുണ്ടാകുന്നത്. പതിനേഴ് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്.
സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. നൈജീരിയന്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മോദി എക്‌സില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് മോദിയുടേത്. നൈജീരിയയില്‍ നിന്ന് അദ്ദേഹം ബ്രസീലിലേക്ക് പോകും.
നേരത്തെ, കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടിയെത്തിയിരുന്നു. കോവിഡ് കാലത്ത് ഡൊമിനിക്കയ്ക്ക് ഇന്ത്യ നൽകിയ പിന്തുണ മാനിച്ചാണ് ബഹുമതി നൽകുന്നതെന്ന് ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. കോവിഡ് വ്യാപനകാലത്ത് 2021-ൽ ഡൊമിനിക്കയ്ക്ക് ഇന്ത്യ 70,000 ഡോസ് കോവിഡ് വാക്‌സിൻ നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല