സ്വന്തം ലേഖകന്‍: ബോക്കോഹറാമും പട്ടിണിയും, നൈജീരിയയിലെ 75,000 കുട്ടികളുടെ ജീവന്‍ അപകടത്തിലെന്ന് ഐക്യരാഷ്ട്രസഭ. ഭീകരരായ ബൊക്കോ ഹറാം ഭീഷണി നിലനില്‍ക്കുന്ന വടക്കുകിഴക്കന്‍ നൈജീരിയയില്‍ പട്ടിണിയും പോഷകാഹാരകുറവും കാരണം 75,000 കുട്ടികള്‍ മരണത്തിന്റെ വക്കിലാണെന്ന് നൈജീരിയയിലേക്കുള്ള മനുഷ്യകാരുണ്യ സഹായങ്ങള്‍ക്കായുള്ള യുഎന്‍ സംഘാടകന്‍ പീറ്റര്‍ ലണ്ട്ബര്‍ഗാണ് മുന്നറിയിപ്പു നല്‍കിയത്.
കടുത്ത ക്ഷാമം കാരണം നൈജീരിയയില്‍ 14 ലക്ഷത്തോളം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മതിയായ തുക യുഎന്നിന്റെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു. 2009 മുതലാണ് ബോക്കോഹറാം നൈജീരിയയില്‍ ആക്രമണങ്ങള്‍ നടത്തി തുടങ്ങിയത്. ആക്രമണങ്ങളില്‍ ഇതുവരെ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. രണ്ടു ലക്ഷത്തോളം ജനങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു.
ബൊക്കോഹറാമിന്റെ തട്ടിക്കൊണ്ടുപോകലുകള്‍ നൈജീരിയയില്‍ നിത്യസംഭവമാണ്. നൈജീരിയയിലെ വടക്കുകിഴക്കന്‍ പട്ടണം ചിബോക്കിലെ സ്‌കൂളില്‍ നിന്നു 2014 ഏപ്രിലില്‍ ബൊക്കോ ഹറാം ഭീകരര്‍ 276 വിദ്യാര്‍ഥിനികളെയാണു തട്ടിക്കൊണ്ടുപോയത്. ഇവരില്‍ പലരെയും മോചിപ്പിച്ചെങ്കിലും ഏറെപ്പേരും ഇപ്പോഴും ഭീകരരുടെ പിടിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല