സ്വന്തം ലേഖകന്‍: ‘അയാള്‍ക്ക് ആ പുസ്തകം വില്‍ക്കണം, അതിനായി സ്ത്രീകളെ അപമാനിക്കാനും അവഹേളിക്കാനും മടിയില്ല,’ നവാസുദ്ധീന്‍ സിദ്ധിഖിയുടെ പുസ്തകത്തിലെ തങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ക്കെതിരെ നിഹാരിക സിംഗ് രംഗത്ത്. മുന്‍ മിസ് ഇന്ത്യ മത്സരാര്‍ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങ്ങുമായുള്ള ഒന്നര വര്‍ഷത്തോളം നീണ്ട ബന്ധത്തെക്കുറിച്ച് നവാസുദ്ധീന്‍ തന്റെ ആത്മകഥയായ ‘ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോയറി’ല്‍ തുറന്നു പറഞ്ഞിരുന്നു.
ഇരുവരും തമ്മിലുള്ള സൗഹൃദം വളര്‍ന്ന് ശാരീരിക ബന്ധം വരെ എത്തിയതും താനും മറ്റൊരു ജൂത പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം നിഹാരിക കണ്ടു പിടിച്ചതും തന്റെ പേരില്‍ ഈ ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അവള്‍ക്ക് നിഹാരിക മെയില്‍ അയച്ചതുമെല്ലാം ആത്മകഥയിലൂടെ നവാസ് പരസ്യമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലം പച്ചക്കള്ളമാണെന്നും പുസ്തകം വിറ്റു പോകാനായി നവാസുദ്ധീന്‍ വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും തുറന്ന് പറഞ്ഞ് നിഹാരിക രംഗത്തെത്തി.
ചില ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഹാരിക തന്റെ പ്രതികരണമറിയിച്ചത്. ‘മാസങ്ങള്‍ മാത്രം നീണ്ടു നിന്ന ബന്ധമേ ഞാനും നവാസും തമ്മില്‍ ഉണ്ടായിരുന്നുള്ളു. മിസ് ലൗലി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തുടങ്ങി കുറച്ച് മാസങ്ങള്‍ മാത്രം നീണ്ടു നിന്ന ബന്ധം. എന്നാല്‍ ഇന്ന് എന്നെ മെഴുകുതിരികളും, പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണവുമായി അയാളെ വശീകരിച്ച് കിടപ്പറ വരെ എത്തിച്ച ഒരുവളായും വെറിപിടിച്ച് അയാളെ വിളിച്ച് ശല്യം ചെയ്യുകയും അയാളുടെ മറ്റു കാമുകിമാര്‍ക്ക് അയാളുടെ പേരില്‍ സന്ദേശങ്ങള്‍ അയക്കുന്ന ഒരുവളായും ചിത്രീകരിച്ചപ്പോള്‍ എനിക്ക് ചിരിക്കാനാണ് തോന്നിയത്.
അയാള്‍ക്ക് ആ പുസ്തകം വില്‍ക്കണം, അതിനായി സ്ത്രീകളെ അപമാനിക്കാനും അവഹേളിക്കാനും മടിയില്ല. ക്ഷണികമായ ബന്ധങ്ങളെകുറിച്ച് കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ് അയാള്‍ ചെയ്തത്. അയാള്‍ എഴുതിക്കൂട്ടിയിരിക്കുന്നതൊന്നും എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. നവാസിന്റെ ഈയൊരു സ്വഭാവം തന്നെയാണ് അയാളുമായുള്ള ബന്ധം ഞാന്‍ അവസാനിപ്പിച്ചതിന് പ്രധാന കാരണം. പക്ഷെ അയാള്‍ വളരെ നല്ലൊരു അഭിനേതാവാണ്. അത് ഞാനും സമ്മതിക്കുന്നു. പക്ഷെ ആ അഭിനയമികവ് സ്‌ക്രീനില്‍ മാത്രം ഒതുങ്ങിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിരുന്നു. എന്നാലും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു,’ നിഹാരിക തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല