വിവാദങ്ങള്‍ക്കെല്ലാം വിട. രാമായണത്തിലെ സീതാദേവിയെപ്പോലെ അഗ്നിശുദ്ധിയൊന്നും ചെയ്തില്ലെങ്കിലും ഇപ്പോള്‍ എല്ലാവരും പറയുന്നു. നിഖിത തുക്രാല്‍ എന്ന മലയാളം, തമിഴ്, കന്നട താരം പരിശുദ്ധയും സത്സ്വഭാവിയുമാണെന്ന്. ഒരു മാസത്തിലധികമായി ദക്ഷിണേന്ത്യയില്‍ ഉയര്‍ന്നു കേട്ടിരുന്ന ദര്‍ശന്‍ നിഖിത അവിഹിത ഗോസ്സിപ്പിന് താല്‍ക്കാലിക വിരാമം. നിഖിതയ്ക്കെതിരെ ആരോപണമുന്നയിച്ച വിജയലക്ഷ്മിദര്‍ശന്‍ നടിയോട് പരസ്യമായി മാപ്പു പറഞ്ഞതാണ് കന്നട സിനിമാവേദിയിലെ ഏറ്റവും പുതിയ സംഭവവികാസം.
കഴിഞ്ഞ മാസം ആദ്യവാരത്തിലായിരുന്നു തന്റെ ഭര്‍ത്താവ് ദര്‍ശനും നടി നിഖിതയുമായി അവിഹിതബന്ധമുണ്ടെന്നും അതിന്റെ പേരില്‍ അദ്ദേഹം തന്നെയും മകനേയും വധിക്കാന്‍ ശ്രമിച്ചെന്നും പറഞ്ഞ് വിജയലക്ഷ്മി പരാതി നല്‍കിയത്. വിജയലക്ഷ്മിയെ ദേഹോപദ്രവം ഏല്പിച്ചതിന്റെ പേരില്‍ മൂന്നാഴ്ചയോളം ദര്‍ശന്‍ പോലീസ് കസ്റ്റഡിയിലുമായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയലക്ഷ്മിയുടെ കണ്ണീരു കണ്ട് മനസ്സലിഞ്ഞ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിഖിതയ്ക്കു വിലക്കേര്‍പ്പെടുത്തിയെങ്കിലും കന്നഡയിലെ ചില സൂപ്പര്‍ താരങ്ങളുടെ നിര്‍ബ്ബന്ധത്തെത്തുടര്‍ന്ന് വിലക്ക് പിന്‍വലിച്ച് അവര്‍ക്ക് നിഖിതയോട് മാപ്പപേക്ഷിക്കേണ്ടി വന്നു.
ലോക്കപ്പില്‍ നിന്നിറങ്ങിയ ദര്‍ശന്‍ വിജയലക്ഷ്മിയുമായി രമ്യതയിലായി. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിജയലക്ഷ്മി നിഖിതയ്ക്കു മേലുന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കുകയും നടിയ്ക്ക് ‘നല്ല കുട്ടി’ എന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തത്. തന്റെ തെറ്റിദ്ധാരണ മൂലം താരത്തിനുണ്ടായ മനോവേദനയ്ക്കും മാനനഷ്ടത്തിനും മാധ്യമങ്ങള്‍ക്കു മുന്നില്‍ അവര്‍ ക്ഷമ ചോദിക്കുകയും ചെയ്തു.
എന്തായാലും നിഖിതയുടെ സമയം തെളിഞ്ഞു എന്നു വേണം കരുതാന്‍. വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയില്‍ തമിഴില്‍ റിലീസ് ചെയ്ത നിഖിത ചിത്രമായ ‘മുരന്‍’ വന്‍ പ്രദര്‍ശനവിജയമാണ് നേടുന്നത്. ചേരനും പ്രസന്നയും നായകന്മാരായ ഈ ചിത്രത്തിന്റെ പ്രദര്‍ശനവിജയം നിഖിതയെ തമിഴില്‍ കൂടുതല്‍ ശ്രദ്ധേയയാക്കുമെന്നാണ് കരുതപ്പെടുന്നത്. ചേരന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ക്വാളിറ്റി കണ്ട യു.ടി.വി. മോഷന്‍ പിക്‌ചേഴ്‌സ് വന്‍തുക നല്‍കി സിനിമയുടെ എല്ലാ അവകാശങ്ങളും വാങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല