നടന്‍ ദര്‍ശന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് കന്നട സിനിമയില്‍ നിന്ന് മൂന്നുവര്‍ഷത്തെ വിലക്ക് നേരിട്ട നടി നികിത തുക്രാല്‍ മുംബൈയിലെ വസതിയില്‍ ആത്മഹത്യക്കു ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി സുഖം പ്രാപിച്ചുവരികയാണെന്ന് സിനിമാ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്തു.
നികിതയും ദര്‍ശനും തമ്മിലുള്ള അടുപ്പം കുടുംബജീവിതം തകര്‍ത്തെന്നാരോപിച്ച് നടന്റെ ഭാര്യ വിജയലക്ഷ്മി കന്നട ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം സംഘടന നടിക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, ഭാര്യയെ മര്‍ദിച്ച കേസില്‍ ദര്‍ശന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച വാദം കേട്ട ഫസ്റ്റ് എസിഎംഎം ജഡ്ജി വെങ്കടേഷ് ഹുലഗിയാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ദര്‍ശന്‍ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനാല്‍ ഒരാഴ്ചയോളം ദര്‍ശന്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം മടങ്ങുമ്പോള്‍ വാഹനത്തില്‍ വച്ച് ദര്‍ശന്‍ മര്‍ദിച്ചെന്നാണ് വിജയലക്ഷ്മി പരാതി നല്‍കിയത്. മുതിര്‍ന്ന താരങ്ങളായ അംബരീഷ്, ജഗേഷ്, പ്രേം തുടങ്ങിയവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിജയലക്ഷ്മി പരാതി പിന്‍വലിച്ചെങ്കിലും ദര്‍ശനെ വിട്ടയക്കുന്നത് മജിസ്ട്രേട്ട് തടഞ്ഞു.
14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മദ്യപിച്ചിരുന്നതിനാല്‍ സംഭവത്തെക്കുറിച്ച് ഓര്‍മയില്ലെന്നാണ് ദര്‍ശന്റെ വാദം. നികിത സൃഹൃത്ത് മാത്രമാണെന്നും ദര്‍ശന്‍ പറഞ്ഞു. ഫാസിലിന്റെ “കൈയെത്തും ദൂരത്തി”ലൂടെ (2002) സിനിമയില്‍ അരങ്ങേറ്റം കുറിച്ച നികിത ബസ് കണ്ടക്ടര്‍ , ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം തുടങ്ങിയ ചിത്രത്തിലും അഭിനയിച്ചു. കന്നടയില്‍ മുന്‍നിര നടിയാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല