സ്വന്തം ലേഖകന്‍: പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള യുഎസ് പിന്മാറ്റം, ഇന്ത്യ അമേരിക്കയെ ഉപദേശിക്കേണ്ടെന്ന് നിക്കി ഹാലി. ഉടമ്പടിയുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് ഇന്ത്യയോ ഫ്രാന്‍സോ ചൈനയോ അമേരിക്കയെ ഉപദേശിക്കേണ്ടതില്ലെന്ന് യുഎന്നിലെ യുഎസ് സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി തുറന്നടിച്ചു. കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ ട്രംപ് തീരുമാനിച്ചതിനെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു നിക്കി ഹാലി.
പാരീസ് ഉടന്പടിയില്‍നിന്നു പിന്മാറുകയാണെന്നു ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഓരോ രാജ്യവും തങ്ങളുടെ ഉത്തമതാത്പര്യം മനസിലാക്കി അതനുസരിച്ചു പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നു ഹേലി ഒരു ചോദ്യത്തിനു പ്രതികരണമായി പറഞ്ഞു. പാരീസ് ഉടമ്പടി നിഷ്‌കര്‍ഷിക്കുന്ന പ്രകാരം ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും ഹേലി ചൂണ്ടിക്കാട്ടി.
പരിസ്ഥിതിയെക്കുറിച്ച് അമേരിക്കയ്ക്കു നല്ല ബോധ്യമുണ്ടെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തില്‍ ആവശ്യമായതു ചെയ്യുമെന്നും ഹേലി പറഞ്ഞു.
കരാര്‍കൊണ്ട് ഗുണം ലഭിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ടുപോകാം. കരാറില്‍ ഒപ്പുവെച്ച യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, അതിന് സെനറ്റിന്റെ അംഗീകാരം നേടിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. നടപ്പാക്കാനാകാത്ത വ്യവസ്ഥകള്‍ കരാറില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് സെനറ്റിന്റെ പരിഗണനക്ക് ഒബാമ കരാര്‍ വിടാതിരുന്നതെന്നും നിക്കി ഹാലി കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ഏകപക്ഷീയമായ പിന്മാറ്റം പാരീസ് ഉടമ്പടിയിലെ മറ്റു രാജ്യങ്ങളുടെ രൂക്ഷ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല