1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2022

സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായ എല്ലാ നിയമ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയ്ക്ക് വേണ്ടി കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ യെമൻ സുപ്രിംകോടതിയിൽ അപ്പീൽ നൽകും. വിദേശത്തുള്ള ഇന്ത്യക്കാരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും എസ് ജയശങ്കർ ജോൺ ബ്രിട്ടാസ്‌ എംപിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

നിമിഷപ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും നേരത്തെ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടു വയസ്സുകാരിയായ മകളുമാണ് സഹായം തേടിയത്. മരിച്ച തലാലിന്റെ ബന്ധുക്കളെ കണ്ട് മാപ്പ് അപേക്ഷിക്കുമെന്ന് നിമിഷപ്രിയയുടെ അമ്മ പറഞ്ഞു. ഇതിനായി വേണ്ട സഹായങ്ങള്‍ക്കാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്.

യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നാണ് കേസ്. 2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.

യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്‍റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കിയെന്നാണ് കേസ്. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുമെന്ന് വ്യവസായി എം ഐ യൂസുഫലിയും വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.