സ്വന്തം ലേഖകന്‍: കങ്കാരു എലിയ്ക്ക് മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ പാമ്പ്; ചാടിച്ചവിട്ടുന്ന അഭ്യാസിയായ കങ്കാരു എലിയുടെ വീഡിയോ വൈറല്‍.കങ്കാരു എലികളില്‍ ഗവേഷണം നടത്തി വന്ന ഒരു സംഘം ശാസ്ത്രജ്ഞന്മാരാണ് കായികാഭ്യാസികള്‍ നടത്തുന്ന രീതിയിലുള്ള ‘നിഞ്ജ’ സ്‌റ്റൈല്‍ പ്രത്യാക്രമണത്തില്‍ ഇക്കൂട്ടര്‍ വിദഗ്ധരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കങ്കാരു എലികളില്‍ ദീര്‍ഘകാലമായി നടത്തി വന്ന പഠനത്തില്‍ ഈ എലികള്‍ ഒരിക്കല്‍ പോലും പാമ്പുകള്‍ക്ക് ഇരയായില്ല എന്നതും ഗവേഷകര്‍ക്ക് അതിശയമായി.
മിന്നല്‍ വേഗത്തിലാണ് പാമ്പുകള്‍ ഇരകളെ വായിലാക്കുക. എന്നാല്‍ കങ്കാരു എലികള്‍ അതിവിദഗ്ധമായി പാമ്പുകളില്‍ നിന്ന് രക്ഷപ്പെടുന്നത് ശ്രദ്ധയില്‍ പെട്ട ഗവേഷകര്‍ ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തി. തുടര്‍ന്ന് കങ്കാരു എലികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ചു. തുടര്‍ന്നാണ് അകത്താക്കാനെത്തുന്ന ശത്രുവിനെ ചവിട്ടിത്തുരത്തി രക്ഷപ്പെടുന്ന എലിയുടെ ദൃശ്യങ്ങള്‍ ഇവര്‍ക്ക് ലഭിച്ചത്.
അതിവിദഗ്ധമായി തലയുടെ ഭാഗം പാമ്പിന്റെ വായ്ക്കുള്ളില്‍ പെടാതെ പ്രതിപ്രവര്‍ത്തിക്കാന്‍ കങ്കാരു എലികള്‍ക്ക് കഴിയുന്നു എന്ന് പഠനം തെളിയിക്കുന്നു. തങ്ങളുടെ നീണ്ട കാലുകള്‍ ഉപയോഗിച്ച് പാമ്പിന്റെ വായില്‍ തൊഴിച്ചാണ് ഇവ രക്ഷപെടുന്നത്. നിര്‍ഭാഗ്യകരമായ, വിരലിലെണ്ണാവുന്ന അവസരങ്ങളില്‍ മാത്രമാണ് ഇവ പാമ്പിനോ മൂങ്ങയ്‌ക്കോ ഇരയായിട്ടുള്ളത്. സ്വന്തം ശരീരത്തിനീളത്തിന്റെ അഞ്ചോ ആറോ മടങ്ങ് ഉയരത്തില്‍ കങ്കാരു എലികള്‍ക്ക് കുതിയ്ക്കാന്‍ കഴിയും.
വലിപ്പമുള്ള ചെവികള്‍ കങ്കാരു എലികളെ രക്ഷപ്പെടലിന് സഹായിക്കുന്നുവെന്നാണ് ഗവേഷകര്‍ കരുതുന്നത്. ശബ്ദമില്ലെങ്കില്‍ പോലും ശത്രുക്കളുടെ അതി സൂക്ഷ്മചലനങ്ങള്‍ ഇവയ്ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. അതാവണം ഇവയെ ശത്രു ആക്രമണത്തെ നേരിടാന്‍ സഹായിക്കുന്നതെന്ന് ഇവര്‍ പറയുന്നു. കങ്കാരുവിന്റെതു പോലുള്ള കാലുകളും രൂപവും ഈ എലികളെ കുതിച്ചുചാട്ടത്തിന് സഹായിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല