സ്വന്തം ലേഖകന്‍: നിപ സ്ഥിരീകരിച്ചതോടെ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റെ ഡയറക്ടര്‍ ഡോ. രുചി ജയിന്റെ നേതൃത്ത്വത്തിലുളള വിദഗ്ധരുടെ സംഘമാണ്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡില്‍ കഴിയുന്ന ആറ് പേരുടെ സാമ്പിളുകളുടെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.
നിപ്പയുമായി ബന്ധപ്പെട്ട വിദഗ്ധരായ ഡോക്ടര്‍മാരുടെ വലിയ സംഘമാണ് കൊച്ചിയിലുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴയില്‍ നിന്ന് ഡോ. ബാലമുരളി, പൂന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവര്‍ ജില്ലയില്‍ എത്തിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ ഡോ. രുചി ജയിന്റെ നേൃതത്വത്തിലുള്ള ആറംഗ സംഘം പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ സന്ദര്‍ശനം ഇന്നലെ നടത്തി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയില്‍ നിന്നുള്ള ഡോ. തരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയത്. നിപ രോഗിയുമായ സമ്പര്‍ക്കത്തിലായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ ഇന്നലെ മൂന്നുപേരെക്കൂടി ചേര്‍ത്തതോടെ എണ്ണം മൊത്തം 314 ആയിരുന്നു. ഐസലേഷനിലുള്ള ആറ് പേരുടെ സാമ്പിളുകള്‍ ആലപ്പുഴ, പൂനൈ ലാബിലേക്കാണ് അയച്ചിട്ടുള്ളത്. ഇതിന്റെ റിസള്‍ട്ട് ഇന്ന് ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്.
ജില്ലയിലെ എല്ലാ വെറ്റിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങള്‍ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ജാഗ്രത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുകയും ക്ലിനിക്കല്‍ സര്‍വൈലന്‍സ് തുടരുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല