സ്വന്തം ലേഖകൻ: നിപ സാമ്പിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്ക് കാറ്റഗറിയില്‍പ്പെട്ട 11 സാമ്പിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.
വെള്ളിയാഴ്ചവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു. രണ്ടു കുഞ്ഞുങ്ങളടക്കം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഇപ്പോള്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.
അവസാനം പോസിറ്റീവായ വ്യക്തിയുടെ കോണ്ടാക്ട് ട്രേസിങ് ഉടന്‍ പൂര്‍ത്തിയാക്കും. ആദ്യം വൈറസ് ബാധിച്ച വ്യക്തിയുടെ രോഗ ഉറവിടം തിരിച്ചറിയാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. അതിനായി അദ്ദേഹത്തിന്റെ മൊബൈല്‍ ലൊക്കേഷന്‍ ഉള്‍പ്പടെ ശേഖരിക്കും. ഇതിന് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. സാമ്പിള്‍ ശേഖരണത്തിന് രോഗികളെ എത്തിക്കാന്‍ കൂടുതല്‍ ആംബുലന്‍സ് ലഭ്യമാക്കും.
മറ്റ് ജില്ലകളിലുള്ള സമ്പര്‍ക്കത്തില്‍പ്പെട്ടവരുടെ സാമ്പിളും ശനിയാഴ്ച തന്നെ ശേഖരിക്കും. രോഗികള്‍ക്ക് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മോണോ ക്ലോണല്‍ ആന്റി ബോഡി കൂടുതല്‍ എത്തിക്കാന്‍ കേന്ദ്രം സഹായം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സെപ്റ്റംബർ 18 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. അങ്കണവാടികൾക്കും മദ്രസ്സകൾക്കും നടപടി ബാധകമാണ്.
ഒരു കാരണവശാലും വിദ്യാർഥികൾ സ്ഥാപനങ്ങളിലേക്ക് വരാൻ പാടില്ലെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. അതേസമയം, പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരുന്നതാണ്. ഇതുസംബന്ധിച്ച് സർക്കാറിൽ നിന്നും നിർദേശം ലഭിക്കുന്നതിനനുസരിച്ച് നടപടികൾ സ്വീകരിക്കുന്നതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. ദുരന്തരനിവാരണ നിയമം സെക്ഷന്‍ 26, 30, 34 എന്നിവ പ്രകാരമാണ് കളക്ടറുടെ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല