സ്വന്തം ലേഖകൻ: വയനാട്ടില്‍ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഐ.സി.എം.ആര്‍. ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിലെ അതേ വൈറസാണ് ഈ വര്‍ഷവും കണ്ടെത്തിയത്. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും പൊതുജാഗ്രതയുടെ ഭാഗമായാണ് ഐ.സി.എം.ആര്‍. ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടിലെ വവ്വാലുകളില്‍ നിപ സാന്നിധ്യമുള്ളതായി ഐ.സി.എം.ആര്‍. അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ ആ മേഖലകളില്‍ ഉണ്ടായതുകൊണ്ടാണ് ഈ കണ്ടെത്തല്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതു ജാഗ്രത ഉണ്ടാകണം. ഗുരുതര ശ്വാസകോശ രോഗങ്ങളുമായി വരുന്നവരില്‍ നിപ മുൻകരുതൽ എടുക്കുന്നതിന് ആവശ്യമായ പരിശീലനം എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോഴിക്കോട് നിപ വ്യാപനത്തിലെ ഇന്‍ക്യുബേഷന്‍ പീരിയഡ് 42-ാമത്തെ ദിവസമായ വ്യാഴാഴ്ച പൂര്‍ത്തിയാകുകയാണ്. ആദ്യമേതന്നെ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞു. വേണ്ട നടപടികള്‍ ആദ്യമേ തന്നെ സ്വീകരിച്ചു. 70 ശതമാനംവരെ മരണ നിരക്കുള്ള പകര്‍ച്ചവ്യാധിയാണ് നിപ. അതിനെ 33 ശതമാനത്തിലേക്ക് എത്തിച്ച് നിയന്ത്രിക്കാനായി. കോഴിക്കോട് ജില്ലയ്ക്ക് മാത്രമായി എസ്.ഒ.പി. തയ്യാറാക്കും. വ്യാഴാഴ്ച മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല