സ്വന്തം ലേഖകന്‍: നിപാ പേടിയെ തുടര്‍ന്ന് കേരളത്തിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് യുഎഇ പിന്‍വലിച്ചു; പഴം, പച്ചക്കറി ഇറക്കുമതിയും ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നിപാ വൈറസ് ബാധയെത്തുടര്‍ന്ന് യുഎഇ പൗരന്മാര്‍ക്ക് കേരളം സന്ദര്‍ശിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണമാണ് കഴിഞ്ഞ ദിവസം യുഎഇ സര്‍ക്കാര്‍ പിന്‍വലിച്ചത്. യുഎഇ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഒപ്പം കേരളത്തില്‍ നിന്ന് പഴം,പച്ചക്കറി മുതലായവയുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും താമസിയാതെ പിന്‍വലിക്കുമെന്നാണ് സൂചന. കഴിഞ്ഞമാസം 24 നാണ് യുഎഇ ആരോഗ്യമന്ത്രാലയം നിപാ വൈറസ് നിയന്ത്രണവിധേയമാകുന്നത് വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്ന് യുഎഇയിലെത്തുന്ന യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ നിരീക്ഷണത്തില്‍ നിര്‍ത്താനും തീരുമാനിച്ചിരുന്നു.
കേരളത്തില്‍ നിപാ വൈറസിന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിച്ചു എന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണം പിന്‍വലിക്കുന്നതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേക്ക് പോകാന്‍ യാതൊരു നിയന്ത്രണവും ഇപ്പോള്‍ നിലവിലില്ലെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് യുഎഇ പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയ ഇറക്കുമതി വിലക്ക് ഉടന്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല