സ്വന്തം ലേഖകന്‍: മെയ് 5, 14 ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയവര്‍ നിപാ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശം. രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണമുണ്ടായ സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
മേയ് അഞ്ചിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ മെഡിക്കല്‍ കോളജ് ആശുപത്രി കാഷ്യാലിറ്റി, സി.ടി സ്‌കാന്‍ റൂം, വിശ്രമമുറി എന്നിവിടങ്ങളിലും 14ന് രാത്രി ഏഴുമുതല്‍ ഒമ്പതുവരെയും 18, 19 തീയതികളില്‍ ഉച്ച രണ്ടുവരെയും ബാലുശ്ശേരി ഗവ. ആശുപത്രിയിലും പോയവര്‍ സ്‌റ്റേറ്റ് നിപ സെല്ലില്‍ വിളിച്ചറിയിക്കണം. 0495 2381000 എന്ന ഫോണ്‍ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഈ ദിവസങ്ങളില്‍ മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയില്‍ അഖില്‍, കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ റസിന്‍ എന്നിവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും നിപ സെല്ലുമായി ഫോണില്‍ ബന്ധപ്പെടണം.
അതിനിടെ നിപ വൈറസ് ബാധിച്ച് കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു. ബാലുശ്ശേരിക്കടുത്ത് കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് രസിന്‍(25) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. നിപ ബാധിച്ച് കോഴിക്കോട്ട് ബുധനാഴ്ച രണ്ട് പേര്‍ മരിച്ചിരുന്നു. നേരത്തേ ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്ത വൈസിന്റെ ജനിതക സ്വഭാവത്തോടുകൂടിയതാണ് കേരളത്തില്‍ കണ്ടെത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല