സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമായി ജോലിയ്ക്കിടെ നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനി എഴുതിയ അവസാന കത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി ആശുപത്രി ഐസിയുവില്‍ മരണത്തെ മുഖാമുഖം കണ്ടപ്പോഴാണ് കത്തെഴുതിയത്. എന്‍.ആര്‍.എച്ച്.എം. സ്‌കീം പ്രകാരം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ജോലി ചെയ്ത് വരികയായിരുന്നു ലിനി. അതിനിടെയാണ് നിപ്പ വൈറസിന്റെ രൂപത്തില്‍ ദുരന്തം തേടിയെത്തിയത്.
‘സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ… പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം… നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…,’ ലിനി എഴുതുന്നു. വിദേശത്തു ജോലി ചെയ്യുന്ന സജീഷാണ് ലിനിയുടെ ഭര്‍ത്താവ്. മക്കളായ റിഥുലിനോടും സിദ്ധാര്‍ഥിനോടും അമ്മ യാത്രയായ വിവരം ബന്ധുക്കള്‍ അറിയിച്ചിട്ടില്ല.
സജീഷ് ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തിയെങ്കിലും വൈറസ് ബാധ തടയാന്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടൂക്കാതെ സംസ്‌ക്കരിച്ചതിനാല്‍ പ്രിയതമയുടെ ജീവനറ്റ ശരീരം പോലും അവസാനമായി ഒരുനോക്ക് അടുത്ത് കാണാന്‍ കഴിഞ്ഞില്ല. ബെംഗളൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബി.എസ്.സി നേഴ്‌സിങ് പൂര്‍ത്തിയാക്കിയ ലിനി കോഴിക്കോട് മിംസ് അടക്കമുള്ള സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്തിട്ടുണ്ട്.
ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റെയും രാധയുടേയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ലിനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല