സ്വന്തം ലേഖകൻ: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കോഴിക്കോട്ട് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.
നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് നാലു പേർ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പർക്കമാണ് ആണ് എല്ലാം. ഹൈ റിസ്കിലും ഇവർ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
എല്ലാ ആശുപത്രികളിലും മാസ്ക്, പിപി കിറ്റ് അടക്കമുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ ആരോഗ്യപ്രവർത്തകർ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ ആകെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ 158 പേരും ആദ്യം മരണപ്പെട്ട രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇവരില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരും ബാക്കി 31 പേര്‍ വീട്ടുകാരും കമ്മ്യൂണിറ്റിയില്‍പ്പെട്ടവരുമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ കേസില്‍ നൂറിലധികം പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. കണ്‍ട്രോള്‍ റൂമുകളുടെയും കോള്‍ സെന്ററുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക അനുസരിച്ച് ഹൈറിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും. രോഗികള്‍ സന്ദര്‍ശിച്ച ആശുപത്രികളിലെ സിസിവിടി ഫൂട്ടേജ് കൂടി ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ സഹായം കൂടി ലഭ്യമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല