സ്വന്തം ലേഖകൻ: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ജില്ല കളക്ടര്‍ എ. ഗീത ഉത്തരവിട്ടു. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങിയ പരിപാടികളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടപ്പിലാക്കേണ്ടതാണ്.
വിവാഹം, റിസപ്ഷന്‍ തുടങ്ങിയ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി നടത്തേണ്ടതും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുമാണ്. പൊതുജനങ്ങള്‍ ഒത്ത് ചേരുന്ന നാടകം, പോലുള്ള കലാ സാംസ്‌കാരിക പരിപാടികള്‍, കായിക മത്സരങ്ങള്‍ എന്നിവ മാറ്റി വെക്കേണ്ടതാണ്.
നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണെന്നും പൊതുയോഗങ്ങള്‍, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികള്‍ എന്നിവ മാറ്റി വെക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) വ്യാഴവും വെള്ളിയും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താമെന്നും യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മാറ്റമില്ലെന്നും കളക്ടർ വ്യക്തമാക്കി.
മുന്‍കരുതലിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് ജാഗ്രതയോടെ മുന്നോട്ട് പോവുകയാണെന്നും ഭയപ്പെടേണ്ട ഒരു സ്ഥിതിയും നിലവിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ മൊബൈൽ ലാബ് ഇന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകും. നിപ ബാധിച്ച ചികിത്സയിൽ കഴിയുന്ന മൂന്ന് പേരിൽ മരുതോങ്കര സ്വദേശിയായ 9 വയസ്സുകാരന്റെ നിലഗുരുതമായി തുടരുകയാണ്. 11 പേരുടെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോടെ കിട്ടും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിദഗ്ധരും ഐസിഎംആർ, എൻ സിഡിസി എന്ന് ഏജൻസികളിൽ നിന്നുള്ള പ്രതിനിധികളും കോഴിക്കോട്ടുണ്ട്. നിപ ബാധിതരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക നിലവിൽ 789 ആണ്. സമ്പർക്ക പട്ടിക ഇനിയും വിപുലമായേക്കും എന്നാണ് സൂചന.
രോഗം ബാധിച്ച മൂന്ന് പേരും രോഗലക്ഷണങ്ങളുമായി 20 പേരുമാണ് ചികിത്സയിലുള്ളത്. നിപ ബാധിച്ച ആദ്യ മരിച്ച മരുദോഗ്ര സ്വദേശിയുടെ 9 വയസ്സുകാരനായ മകൻ്റെ നില ഗുരുതരമായി തുടരുന്നു. കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്.
അതേസമയം രോഗം സ്ഥിരീകരിച്ച ഇതേ കുടുംബത്തിലുള്ള 25 കാരൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്ര ആശുപത്രിയിലെ 24 കാരനായ മെയിൽ നേഴ്സിന്റെ ആരോഗ്യം നിലയിലും ആശങ്കയില്ല. ആരോഗ്യപ്രവർത്തകര അടക്കമുള്ള 11 പേരുടെ പരിശോധനാ ഫലങ്ങൾ ഇന്ന് വൈകിട്ടോടെ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല