സ്വന്തം ലേഖകൻ: വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടണിലെ കോടതി വീണ്ടും തള്ളി. ഇത് നാലാം തവണയാണ് വെസ്റ്റ്മിനിസ്റ്റര്‍ കോടതി ജാമ്യാപേക്ഷ തള്ളുന്നത്. നാല് മില്യണ്‍ പൗണ്ട് ജാമ്യത്തുകയും വീട്ടുതടങ്കലും വാഗ്ദാനം ചെയ്തെങ്കിലും നീരവിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപ തട്ടിയകേസില്‍ ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്‍ബുത്നോട്ടന്റെ മുന്‍പിലാണ് നീരവിനെ ഹാജരാക്കിയത്. തന്നെ ഇന്ത്യക്ക് കൈമാറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി പറഞ്ഞിട്ടുള്ളതായി പ്രോസക്യൂഷന് ചൂണ്ടിക്കാട്ടി. മോദിയെ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ 2020 മേയില്‍ വിചാരണയാരംഭിക്കും.
കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് നീരവ് മോദി ലണ്ടന്‍ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാന്‍ ശ്രമിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലണ്ടന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
മാര്‍ച്ച് 19നാണ് നീരവ് മോദിയെ ലണ്ടന്‍ പൊലീസ് അറസ്റ്റു ചെയ്ത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000 കോടി തട്ടിപ്പു നടത്തിയതാണ് മോദിക്കെതിരെയുള്ള കുറ്റം. നേരത്തെ സെന്‍ട്രല്‍ ബാങ്ക് ബ്രാഞ്ചില്‍ പുതിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ സ്കോട്ലന്റ് യാര്‍ഡ് അറസ്റ്റ് ചെയ്ത കേസിലും നീരവിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല