1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2018

സ്വന്തം ലേഖകന്‍: വായ്പ്പ തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി വിദേശയാത്രകള്‍ നടത്തുന്നത് അര ഡസനോളം വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചതോടെ മോദിക്കെതിരേ ഇന്ത്യയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ ബെല്‍ജിയത്തിലുള്ള മോദിയുടെ യാത്രകള്‍ കള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ്. മോദിയുടെ കൈവശമുണ്ടായിരുന്ന യഥാര്‍ഥ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു.

കൈവശമുള്ള ആറു കള്ള പാസ്‌പോര്‍ട്ടുകളില്‍ രണ്ടെണ്ണമാണ് മോദി യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. ഇതില്‍ ഒന്നില്‍ മോദിയുടെ പൂര്‍ണമായ പേരും മറ്റൊന്നില്‍ പേരിന്റെ ആദ്യ ഭാഗവുമാണുള്ളതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ ഒരു പാസ്‌പോര്‍ട്ടില്‍ 40 ദിവസത്തെ ബ്രിട്ടീഷ് വീസയുള്ളതിനാല്‍ ഇത് ഉപയോഗിച്ചാണു നീരവ് മോദിയുടെ യാത്രകള്‍.

യഥാര്‍ഥ പാസ്‌പോര്‍ട്ടുമായാണ് നീരവ് മോദി ലണ്ടനില്‍ എത്തിയതെന്നും ഇവിടെവച്ചാണ് പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കുന്നതെന്നും യുകെ വിദേശകാര്യ അധികൃതര്‍ അറിയിച്ചു. നീരവിന്റെ കൈവശമുള്ള വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംബന്ധിച്ച് ഇന്ത്യ ബ്രിട്ടനു വിവരം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, മാര്‍ച്ചില്‍ നീരവ് ഫ്രാന്‍സിലേക്കു യാത്ര നടത്തിയത് ഇത്തരത്തില്‍ ഒരു വ്യാജ പാസ്‌പോര്‍ട്ടിലാണെന്നു വ്യക്തമായി. ഇയാളുടെ കൈവശം സിംഗപ്പുര്‍ പാസ്‌പോര്‍ട്ട് ഉണ്ടോ എന്നു വ്യക്തമല്ല.

ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ മോദിയുടേതായിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും. ഇപ്പോള്‍ ബെല്‍ജിയത്തിലാണ് നീരവ് മോദിയുള്ളത്. അതേസമയം, നീരവ് മോദി ലണ്ടനില്‍ അഭയം നേടാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.