സ്വന്തം ലേഖകന്‍: വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനില്‍ എത്തിയതായി സ്ഥിരീകരണം. ബ്രിട്ടന്‍ തട്ടിപ്പുകാരുടെ അഭയകേന്ദ്രമാക്കാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പി.എന്‍.ബി.)നിന്ന് 13,000 കോടി രൂപയുടെ വായ്പത്തട്ടിപ്പുനടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനിലുണ്ടെന്ന് ഇന്ത്യയിലെയും ബ്രിട്ടനിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് തിങ്കളാഴ്ച റിപ്പോര്‍ട്ടു ചെയ്തത്.
അതേസമയം, നീരവ് ലണ്ടനിലുണ്ടെന്ന് ബ്രിട്ടീഷ് ഭീകരവിരുദ്ധ വകുപ്പുമന്ത്രി സൂസന്‍ ഫ്രാന്‍സിസ് മരിയ വില്യംസ് സ്ഥിരീകരിച്ചു. നീരവിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് ബ്രിട്ടന്റെ ഭാഗത്തുനിന്ന് പൂര്‍ണ സഹകരണമുണ്ടാവുമെന്നും സൂസന്‍ വ്യക്തമാക്കി. ബ്രിട്ടനിലുള്ള വിവാദ മദ്യവ്യവസായി വിജയ് മല്യയെ കൈമാറുന്നതിലും സഹകരണമുണ്ടാകുമെന്ന് അദ്ദേഹം കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവിന് ഉറപ്പുനല്‍കി.
നീരവിന് സമാനമായി വായ്പത്തട്ടിപ്പുനടത്തി രാജ്യംവിട്ട മല്യ കഴിഞ്ഞ ഒരുവര്‍ഷമായി ബ്രിട്ടനിലാണ്. ഡല്‍ഹിയില്‍ റിജിജുവുമായി ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തവേയാണ് സൂസന്‍ ഇക്കാര്യം അറിയിച്ചത്. റിജിജു തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തനിക്കെതിരേ രാഷ്ട്രീയവേട്ടയാടലുള്ളതിനാല്‍ രാഷ്ട്രീയാഭയം നല്‍കണമെന്നാണ് നീരവ് ബ്രിട്ടനോട് ആവശ്യപ്പെട്ടതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സി.ബി.ഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ പരാതി നല്‍കുന്നതിന് തൊട്ടുമുമ്പാണ് ജനുവരി ആദ്യവാരം നീരവ് മോദി രാജ്യംവിട്ടത്. കേസില്‍ നീരവ് മോദിക്കും ബന്ധുക്കള്‍ക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല