സ്വന്തം ലേഖകന്‍: പുതിയ തെളിവുകള്‍ ഹാജരാക്കി; വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടന്‍ കോടതി രണ്ടാം വട്ടവും ജാമ്യം നിഷേധിച്ചു. വായ്പാതട്ടിപ്പു കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിക്ക് രണ്ടാമതും ജാമ്യം നിഷേധിച്ച് വെസ്റ്റ്മിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി. മോദിക്കെതിരെ അധികൃതര്‍ പുതിയ തെളിവുകളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
മോദി ഇന്ത്യയുമായി സഹകരിക്കുന്നില്ലെന്നും, ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാനും, തെളിവുകള്‍ നശിപ്പിക്കാനം സാധ്യതയുണ്ടെന്നും ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ടോബി കാഡ്മാന്‍ കോടതിയെ ബോധിപ്പിച്ചു. ജാമ്യം ലഭിച്ചാല്‍ മോദി കീഴടങ്ങില്ലെന്ന് വിശ്വസിക്കാനുള്ള മതിയായ തെളിവുകളുണ്ടെന്ന് ജഡ്ജ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
കേസിന്റെ അടുത്ത വാദം ഏപ്രില്‍ 26നാണ്. കേസിന്റെ വാദം കേള്‍ക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെയും സി.ബി.ഐയുടേയും സംഘങ്ങള്‍ ലണ്ടിനിലെത്തിയിരുന്നു. എന്നാല്‍ മോദി 2018 ജനുവരി മുതല്‍ ലണ്ടിനിലാണ് താമസിക്കുന്നതെന്നും, അദ്ദേഹത്തിന് ഒളിവില്‍ പോവേണ്ട ആവശ്യമില്ലെന്നും മോദിയുടെ അറ്റോര്‍ണി ക്ലെയര്‍ മോണ്ട്‌ഗൊമെറി പറഞ്ഞു.
നേരത്തെ സെന്‍ട്രല്‍ ബാങ്ക് ബ്രാഞ്ചില്‍ പുതിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കോട്‌ലന്റ് യാര്‍ഡ് അറസ്റ്റ് ചെയ്ത കേസിലും നീരവിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 48 കാരനായ മോദി നിലവില്‍ എന്‍.എം.പി വാര്‍ഡ്‌സ്‌വര്‍ത്ത് ജയിലിലാണ് താമസിക്കുന്നത്.
Also Read നീരവ് മോദി ലണ്ടനിലുണ്ടെന്ന് മോദി സര്‍ക്കാറിനെ അറിയിച്ചപ്പോള്‍ മൈന്റ് ചെയ്തില്ല: എങ്ങനെ കുടുക്കിയെന്ന് വിശദീകരിച്ച് മാധ്യമപ്രവര്‍ത്തകന്‍ നീരവ് മോദിയെ ഈ മാസം 19നാണ് പൊലീസ് അറസ്റ്റു ചെയ്ത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000 കോടി തട്ടിപ്പു നടത്തി എന്നാണ് മോദിക്കെതിരെ നിലനില്‍ക്കുന്ന കുറ്റം.
ഇന്ത്യയില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് കടന്ന നീരവ് മോദി ലണ്ടന്‍ നഗരത്തില്‍ യാതൊരു നിയമ തടസ്സങ്ങളുമില്ലാതെ ആഢംബര ജീവിതം നയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഡെയ്‌ലി ടെലഗ്രാഫ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ മോദിയെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് ബ്രിട്ടനെ സമീപിച്ചത്.
നീരവ് മോദിയെ അറസ്റ്റു ചെയ്യാന്‍ ആവശ്യമായ രേഖകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ മറുപടിയൊന്നും തന്നില്ലെന്ന് ബ്രിട്ടന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു പിന്നാലെ വന്ന ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിനെ തീര്‍ത്തും പ്രതിസന്ധിയിലാക്കുകയായിരുന്നു.
എന്നാല്‍ തങ്ങള്‍ നീരവ് മോദിയെ ലണ്ടനില്‍ കണ്ടു എന്നറിയിച്ച് ഇന്ത്യ സര്‍ക്കാറിനെ സമീപിച്ചപ്പോള്‍ മറുപടിയൊന്നും ലഭിച്ചില്ലെന്ന് ഡെയ്‌ലി ടെലഗ്രാഫിനു വേണ്ടി നീരവ് മോദിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയ മിക്ക് ബ്രൗണ്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല