1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2018

സ്വന്തം ലേഖകന്‍: വായ്പത്തട്ടിപ്പ് നടത്തി മുങ്ങിയ കോടീശ്വരനായ പ്രതി നീരവ് മോദിയെ വലയിലാക്കാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടുന്നു. നീരവ് മോദിയുടെയും ബന്ധുവും വ്യാപാര പങ്കാളിയുമായ മെഹുല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം ഒരു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇന്നലെ ഒരു ജനറല്‍ മാനേജര്‍ അടക്കം എട്ട് ഉദ്യോഗസ്ഥരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു.

നീരവിന്റെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ തുടരുന്നു. നീരവ് മോദി എവിടെയാണെന്ന് അറിയില്ലെന്നു കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ ന്യൂയോര്‍ക്കില്‍ മന്‍ഹാറ്റനിലെ അപാര്‍ട്‌മെന്റിലുണ്ടെന്ന് ഇന്ത്യയിലെ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇന്നലെ നീരവുമായി ബന്ധപ്പെട്ട 26 ഇടങ്ങളിലാണു റെയ്ഡ് നടത്തിയത്. ചില ബാങ്കുകളിലെ വിരമിച്ചവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരുടെ വീടുകളും റെയ്ഡ് ചെയ്തു.

പഞ്ചാബ് നാഷണല്‍ ബാങ്ക് രണ്ടാമതു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഗീതാഞ്ജലി ഗ്രൂപ്പിനെതിരെ ഒരു എഫ്‌ഐആര്‍ കൂടി ഫയല്‍ ചെയ്തു. നീരവിനും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്‌സിക്കും ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നു കാണിച്ച് ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. ഇതേസമയം, തട്ടിപ്പ് യുപിഎ ഭരണകാലത്തു നടന്നതാണെന്നും അതറിഞ്ഞിട്ടും നടപടിയൊന്നും കൈക്കൊണ്ടില്ലെന്നും ബിജെപിയും അതല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനു വിവരം ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നു കോണ്‍ഗ്രസും ആരോപിച്ചു.

നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത വിദേശകാര്യ മന്ത്രാലയം അവ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അടുത്തകാലത്തായി നീരവ് ബല്‍ജിയം പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നത് എന്നാണു സൂചന. മാത്രമല്ല, ഏതാനും വര്‍ഷങ്ങളായി നീരവ് മോദി ഇന്ത്യയിലേക്കുള്ള വരവ് വളരെ കുറച്ച് കൂടുതല്‍ സമയവും യുഎസിലാണു ചെലവഴിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.