സ്വന്തം ലേഖകൻ: കോടികളുടെ തട്ടിപ്പുനടത്തി കടന്ന വമ്പന്‍മാരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സി.ബി.ഐ, ഇഡി, എന്‍.ഐ.എ എന്നിവയുടെ ഉന്നതതല സംയുക്ത സംഘം യുകെയിലേക്ക്. പ്രത്യേക കോടതി സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ച ആയുധകച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിങ്ഫിഷര്‍ ഉടമ വിജയ് മല്ല്യ എന്നിവരെ തിരികെ എത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. യുകെയടക്കമുള്ള വിദേശരാജ്യങ്ങളില്‍ തട്ടിപ്പുവഴി ഇവര്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞ അവ കണ്ടുകെട്ടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുക. യുകെയിലെ ഇന്ത്യന്‍ ഹൈകമീഷ്ണറുമായും അവിടത്തെ അധികൃതരുമായും ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. കുറ്റവാളികളുടെ ലണ്ടനിലെ സ്വത്തുക്കളും ബാങ്ക് ഇടപാടുകളും സംബന്ധിച്ച വിവരങ്ങളും സംഘം തേടും. മ്യൂച്ചല്‍ ലീഗല്‍ അസിസ്റ്റന്‍സ് ഉടമ്പടി(എം.എല്‍.എ.ടി)യില്‍ ഒപ്പുവെച്ച രാജ്യങ്ങളാണ് ഇന്ത്യയും യുകെയും. ഇതനുസരിച്ച് സാമ്പത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട ക്രിമിനല്‍ ്‌ന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറണം.
ആയുധ കച്ചവടക്കാരനായ ഭണ്ഡാരി 2016-ലാണ് രാജ്യം വിട്ടത്. യുപിഎ ഭരണകാലത്തെ വിവിധ ആയുധഇടപാടുകളെ സംബന്ധിച്ചാണ് ആദായനികുതി വകുപ്പും ഇഡിയും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായി ബന്ധമുള്ളയാളാണ് ഭണ്ഡാരി. വിവിധ ആയുധ ഇടപാടുകളില്‍നിന്നും കിട്ടിയ പണവുമായി ബന്ധപ്പെട്ട് ഭണ്ഡാരി, തമ്പി, വാദ്ര എന്നിവര്‍ക്കെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്.
ഭണ്ഡാരിയുടെ ഇന്ത്യയിലെ 26 കോടിയുടെ സ്വത്തുക്കള്‍ ഇതിനോടകം അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയിട്ടുമുണ്ട്. പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് 6500 കോടി രൂപയുടെ തട്ടിപ്പുനടത്തിയെന്ന ആരോപണമാണ് നീരവ് മോദി നേരിടുന്നത്. ബാങ്കുകളില്‍നിന്ന് വമ്പന്‍ തുകകള്‍ വായ്പയെടുത്ത് മുങ്ങിയെന്നാണ് വിജയ് മല്ല്യ നേരിടുന്ന കുറ്റം. ഇയാളുടെ 5000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല