സ്വന്തം ലേഖകന്‍: കര്‍ണാടകയിലെ കുടകില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിരോധമന്ത്രിയും സംസ്ഥാനമന്ത്രിയും തമ്മില്‍ വാക്പോര്; വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് കര്‍ണാടക മന്ത്രി സാ. രാ മഹേഷിനോട് കയര്‍ത്ത സംഭവത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
പാര്‍ലമെന്റിന്റെ അന്തസ്സിനു കോട്ടമുണ്ടാക്കുന്നതും മന്ത്രിയോട് അനാദരവ് പ്രകടിപ്പിക്കുന്നതുമായ പെരുമാറ്റമാണ് മന്ത്രി മഹേഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രി നിര്‍മലാ സീതാരാമനെതിരായി മന്ത്രി നടത്തിയത് മറുപടി അര്‍ഹിക്കാത്ത പരാമര്‍ശങ്ങളാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
മന്ത്രിയുടെ ജില്ലയിലെ പരിപാടി ജില്ലാ ഭരണകൂടത്തിന്റെ അറിവോടുകൂടിയാണ് തയ്യാറാക്കിയത്. രണ്ടു ദിവസം മുന്‍പുതന്നെ ഇത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അറിവോടുകൂടിത്തന്നെയാണ് മുന്‍ സൈനികരുമായി മന്ത്രിയുടെ കൂടിക്കാഴ്ച ഒരുക്കിയത്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഈ കൂടിക്കാഴ്ച വെട്ടിച്ചുരുക്കുകയും അധികൃതരുമായുള്ള കൂടിക്കാഴ്ച നടത്തുകയും ചെയ്തെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് വെള്ളിയാഴ്ച മടിക്കേരിയില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്ശിക്കുന്നതിനെത്തിയപ്പോഴായിരുന്നു വിവാദങ്ങളുടെ തുടക്കം. മുന്‍ സൈനികരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പായി മന്ത്രി ആദ്യം കാണേണ്ടത് അധികൃതരെയാണെന്ന് ചൂണ്ടിക്കാണിച്ച് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി മഹേഷ് രംഗത്തെത്തിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല