സ്വന്തം ലേഖകന്‍: നുണച്ചിയെന്ന് വിളിച്ചതായി നിര്‍മല സീതാരാമന്; പരിഹസിച്ചിട്ടില്ലെന്ന് രാഹുല്‍; പാര്‍ലമെന്റിലെ റഫാല്‍ ചര്‍ച്ച രാഹുലും നിര്‍മല സീതാരാമനും തമ്മിലുള്ള തീപാറുന്ന വാക്പോരാട്ടമായി മാറി. റഫാല്‍ ചര്‍ച്ചയ്ക്കുള്ള മറുപടിവേളയില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പ്രധാനമന്ത്രിക്കും തനിക്കുമെതിരേ കോണ്‍ഗ്രസ് ആക്ഷേപകരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് പറഞ്ഞ നിര്‍മല വികാരാധീനയായി.
‘എന്നെ നുണച്ചി എന്ന് വിളിച്ചു. പ്രധാനമന്ത്രിയെ ‘കള്ളന്’ എന്ന് വിളിച്ചു. താന്‍ ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍നിന്നാണ് വരുന്നത്. കഠിനാധ്വാനത്തിലൂടെയാണ് വളര്‍ന്നുവന്നത്. എനിക്കും ആത്മാഭിമാനമുണ്ട്. അധിക്ഷേപിക്കാന്‍ എന്നെ കിട്ടുമെന്ന ധൈര്യം പ്രതിപക്ഷത്തിന് എവിടെനിന്നാണു ലഭിച്ചത്,’ നിര്‍മല സീതാരാ,അം ചോദിച്ചു.
മറുപടിയില്‍ മന്ത്രി തന്റെ പേരെടുത്ത് പരാമര്‍ശിച്ചപ്പോള്‍ രാഹുല്‍ഗാന്ധി ക്രമപ്രശ്നവുമായി എഴുന്നേറ്റു. കഴിഞ്ഞ ദിവസം അനില്‍ അംബാനിയുടെ പേര് പറഞ്ഞപ്പോള്‍ സ്പീക്കര്‍ തടഞ്ഞെന്നും താന്‍ ‘ഡബിള്‍ എ’ എന്നാണ് പിന്നീട് പരാമര്‍ശിച്ചതെന്നും രാഹുല്‍ സ്പീക്കറോട് പറഞ്ഞു. സഭയിലുള്ള അംഗത്തിന്റെ പേരുപറയുന്നതില്‍ ചട്ടലംഘനമില്ലെന്നായി സ്പീക്കര്‍. ചര്‍ച്ചയ്ക്ക് തുടക്കമിട്ട അംഗമെന്നനിലയില്‍ മന്ത്രിയുടെ മറുപടിക്കുശേഷം വ്യക്തതയ്ക്കായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.
തുടര്‍ന്ന് മന്ത്രിയുടെ മറുപടിക്കുശേഷം രാഹുല്‍ സംസാരിച്ചു. പ്രതിരോധമന്ത്രിക്കെതിരേ താനോ പാര്‍ട്ടിയോ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരേ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
എന്‍.ഡി.എ കരാര്‍ പ്രകാരം 2019 സെപ്റ്റംബറോടെ ആദ്യ വിമാനം ഇന്ത്യയിലെത്തും. സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കരാര്‍ റിലയന്‍സിന് കിട്ടിയതെങ്ങനെയെന്ന ചോദ്യത്തിന് മറുപടി പറയാത്തത് എന്താണെന്നും രാഹുല്‍ ചോദ്യം ഉന്നയിച്ചു.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളും അവയ്ക്ക് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് നല്കിയ മറുപടിയും ഇങ്ങനെ:
എച്ച് എ.എല്ലിന് എന്തുകൊണ്ട് കരാര്‍ നല്‍കിയില്ല ?
എച്ച്.എ.എല്ലുമായി യു.പി.എ സര്‍ക്കാരിന്റെ കാലത്തുപോലും കരാറില്‍ ഏര്‍പ്പെടാന്‍ റാഫാല്‍ നിര്‍മാതാക്കളായ ദസ്സോ തീരുമാനിച്ചിരുന്നില്ല. യു.പി.എ കാലത്ത് എച്ച്.എ.എല്‍ വലിയ പ്രതിസന്ധിയിലായിരുന്നു. അന്ന് അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യു.പി.എ സര്‍ക്കാര്‍ തയ്യാറായില്ല. മോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് എച്ച്.എ.എല്ലിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചത്.
എച്ച്.എ.എല്ലിനു വേണ്ടി കോണ്‍ഗ്രസ് മുതലക്കണ്ണീര് ഒഴുക്കുകയാണ്. കടങ്ങള്‍ എഴുതിതള്ളുകയായിരുന്നു കോണ്‍ഗ്രസ് ചെയ്തതെങ്കില്‍ എച്ച്.എ.എല്ലിനെ ശക്തിപ്പെടുത്താന്‍ ഒരുലക്ഷം കോടിരൂപയോളം വരുന്ന കരാറുകള്‍ എന്‍.ഡി.എ സര്‍ക്കാര്‍ നല്‍കിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. എ.എച്ച്.എല്‍ സേനക്കാവശ്യമായ വിമാനങ്ങള്‍ നിര്മ്മിച്ചുനല്കുന്നതില് പ്രതിരോധ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്ന കാര്യം നിര്‍മലാ സീതാരാമന് ചൂണ്ടിക്കാട്ടി. പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ ഉദ്ദരിച്ചാണ് പ്രതിരോധമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമുള്ള അതിര്‍ത്തികളില്‍ ഒരേസമയം യുദ്ധമുണ്ടായേക്കാം. അതിനാല്‍ സമയബന്ധിതമായി ആയുധങ്ങള്‍ വാങ്ങുന്നതിനാണ് മുന്‍ഗണന. ഈ അടിയന്തര ആവശ്യം പരിഗണിച്ചാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
126 വിമാനങ്ങള്‍ വാങ്ങണമെന്ന തീരുമാനത്തില്‍ നിന്ന് 36 വിമാനങ്ങള്‍ വാങ്ങാന്‍ എന്തിനാണ് പ്രധാനമന്ത്രി തീരുമാനമെടുത്തത്?
രണ്ട് സ്ക്വാഡ്രണ്‍ അതായത് 36 വിമാനങ്ങള്‍ വാങ്ങുകയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. മുന്‍കാലത്തും അടിയന്തര ആവശ്യങ്ങള്‍ വന്നാല്‍ 36 വിമാനങ്ങളാണ് വാങ്ങിയിരുന്നത്. അതിനാല്‍ തന്നെ ഈ ഇടപാടില്‍ അസ്വഭാവികത ഒന്നുംതന്നെ ഉണ്ടായിട്ടില്ല.
1982 ല്‍ പാകിസ്താന് എഫ്16 വിമാനങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങിയ സമയത്ത് ഇന്ത്യ സോവിയറ്റ് യൂണിയനില്‍ നിന്ന് അടിയന്തരമായി രണ്ട് സ്ക്വാഡ്രണ്‍ മിഗ് 23 വിമാനങ്ങള്‍ വാങ്ങി. 1985 ല്‍ മിറാഷ് 2000 വിമാനങ്ങളും, 1987 ല്‍ മിഗ് 29 വിമാനങ്ങളും ഇത്തരത്തിലാണ് വാങ്ങിയതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ വിമാനം വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് കരാറിന്റെ അവസാന നടപടികളിലേക്ക് യുപിഎ സര്‍ക്കാര്‍ കടക്കാതിരുന്നത്. ഇത് എന്തിനു വേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം.
കോണ്‍ഗ്രസ് രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തു. വിമാനം വാങ്ങാന്‍ പണം എവിടെയെന്ന് അന്നത്തെ പ്രതിരോധമന്ത്രി ചോദിച്ചിരുന്നു. രാഹുല്‍ഗാന്ധി കള്ളം പറയുകയാണ്. ചൈനയും പാകിസ്താനും അവരുടെ സൈനിക ശേഷി വര്‍ധിപ്പിക്കുകയാണ്. രാഹുല്‍ഗാന്ധി രാജ്യത്തെ തെറ്റിധരിപ്പിക്കുകയാണ്. എന്‍.ഡി.എ സര്‍ക്കാര്‍ 126 വിമാനങ്ങള്‍ വാങ്ങനുള്ള തീരുമാനം മാറ്റി 36 എണ്ണം വാങ്ങുന്നുവെന്ന് അവര്‍ പ്രചരിപ്പിക്കുന്നു.
എന്നാല്‍ യുപിഎ സര്‍ക്കാര്‍ നിര്‍മിച്ച് വാങ്ങാന്‍ ഉദ്ദേശിച്ചത് 18 വിമാനങ്ങള്‍ മാത്രമാണ്. ഇത് 36 ആക്കി ഉയര്‍ത്തുകയാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തത്. പുതിയ കരാര്‍ പ്രകാരം നടപടികള്‍ പൂര്‍ത്തിയായെന്നും ആദ്യ വിമാനം 2019 സെപ്റ്റംബറില്‍ എത്തുമെന്നും ബാക്കി വിമാനങ്ങള്‍ 2022 ഓടെ ഇന്ത്യയ്ക്ക് കൈമാറുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. 14 മാസങ്ങള്‍ക്കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി.
രണ്ട് സ്ക്വാഡ്രണ്‍ വിമാനങ്ങള്‍ വേണമെന്നാണ് വ്യോമസേന ഉപദേശിച്ചിരുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പ്രതിരോധ ഇടപാടും പ്രതിരോധം കൈകാര്യം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തങ്ങള്‍ പ്രതിരോധം കൈകാര്യം ചെയ്യുന്നത്. അല്ലാതെ പ്രതിരോധ ഇടപാടുകള്‍ക്ക് വേണ്ടിയല്ല.
വിമാനത്തിന്റെ വില 560 കോടിയില്‍ നിന്ന് എങ്ങനെ 1600 കോടിയായി വര്‍ധിച്ചു?
എല്ലാ വാദങ്ങളും രേഖകളും പരിശോധിച്ചതിന് ശേഷം 36 വിമാനങ്ങള്‍ വാങ്ങാന്‍ നടത്തിയ ഇടപാടില്‍ ഇടപെടാന്‍ കാരണങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറയുന്നു. തങ്ങള്‍ സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ചിട്ടില്ല. സിഎജി ഇടപാടില്‍ ഓഡിറ്റ് നടത്തി അതിന്റെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഡിസംബര്‍ 2018 ല്‍ ഇത് പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല