നിതാഖാത്ത് മൂന്നാംഘട്ടം നടപ്പാക്കുന്നത് സൗദി സര്‍ക്കാര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീട്ടി. ഇതേക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 20 മുതലാണ് നിതാഖാത്ത് മൂന്നാംഘട്ടം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് ഇപ്പോള്‍ വേണ്ടെന്നും കുറച്ചു നാളുകള്‍ക്ക് ശേഷം മതിയെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് അംഗീകരിച്ചിട്ടുണ്ട്.
ഇതിനു പുറമെ, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. വിദേശ മെഡിക്കല്‍ ജീവനക്കാരോടൊപ്പം സ്വദേശികള്‍ മെച്ചപ്പെട്ട സേവനം കാഴ്ചവയ്ക്കണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു.
നിതാഖാത്ത് നടപ്പാക്കുന്നത് രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തെ ബാധിക്കുമെന്നും കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും കൗണ്‍സില്‍ ഓഫ് സൗദി ചേമ്പേഴ്‌സ് (സി.എസ്.സി) തൊഴില്‍മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയിരുന്നു. നിര്‍മാണ മേഖലകള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ നിതാഖാത് മൂന്നാം ഘട്ടം നടപ്പാക്കുന്നത് മൂന്നു വര്‍ഷത്തേക്ക് നീട്ടണമെന്നാണ് സി.എസ്്.സി ആവശ്യപ്പെട്ടത്. രണ്ടുഘട്ടങ്ങള്‍ നടപ്പാക്കിയതു മൂലം രാജ്യത്തെ വന്‍കിട നിര്‍മാണ പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നും ഈ മേഖലയില്‍ തൊഴിലാളിക്ഷാമം അനുഭവപ്പെടുകയാണെന്നും ഇത്തരം തൊഴിലുകള്‍ക്ക് സ്വദേശികളെ ലഭിക്കുന്നില്ലെന്നും സി.എസ്.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് പ്രതിസന്ധിയിലായത്. തൊഴില്‍ വിപണിയിലും പ്രതികൂല പ്രതികരണമായിരുന്നു നിതാഖാത്ത് സൃഷ്ടിച്ചത്. ഈയിടെ സി.എസ്.സി 3,000 തൊഴില്‍ ഒഴിവുകളിലേക്ക് സ്വദേശികളെ ക്ഷണിച്ചപ്പോള്‍ 1,409 പേരാണ് അഭിമുഖത്തിന് എത്തിയതെന്നും വലിയതോതിലുള്ള പരസ്യത്തിനും പ്രചാരണത്തിനും ശേഷമാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല