സ്വന്തം ലേഖകന്‍: ബിഹാര്‍ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി, നിതീഷ് ലാലു മഹാസഖ്യം തകര്‍ത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി, ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ ഉന്നതിയിലെത്തിച്ചാണ് ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്.
അഴിമതി ആരോപണത്തിന്റെ പേരില്‍ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രാജിവെക്കില്ലെന്ന ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് നിതീഷിന്റെ രാജി. അഴിമതി ആരോപണം നേരുടുന്ന തേജസ്വി 72 മണിക്കൂറിനുള്ളില്‍ രാജി വെക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തേജസ്വിയെ ഉള്‍പ്പെടുത്തി മന്ത്രിസഭ മുന്നോട്ടു പോകില്ലെന്ന് നിതീഷ് ഉറച്ച നിലപാടെടുക്കുകയായിരുന്നു.
എന്നാല്‍ ഈ ആവശ്യങ്ങള്‍ ആര്‍ജെഡിയും ലാലു പ്രസാദ് യാദവും തള്ളി. ഇതേ തുടര്‍ന്നാണ് നിതീഷ് രാജിസമര്‍പ്പിച്ചത്. രാഷ്ട്രീയ ലോക്ദള്‍, ജനതാദള്‍ യു, കോണ്‍ഗ്രസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം പിളര്‍ന്നതോടെ നിതീഷിന്റെ ജെഡിയുവിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. നിലവില്‍ ജെഡിയുവിന് 71 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ബിജെപിയുടെ 58 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ 122 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ജെഡിയുവിന് കഴിയും.
ഇതോടെ ബി.ജെ.പി പിന്തുണയില്‍ പുതിയ സഖ്യമുണ്ടാക്കി നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും. നിതീഷിന് പിന്തുണ അറിയിച്ച് ബി.ജെ.പി ഗവര്‍ണര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. പുതിയ മന്ത്രിസഭയില്‍ ചേരാന്‍ ബി.ജെ.പി തീരുമാനിച്ചതോടെ പാര്‍ട്ടി മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിക്ക് നടക്കും.
നിതീഷ് കുമാറിന്റെ തീരുമാനത്തെ രാജ്യത്തെ 125 കോടി ജനങ്ങള്‍ പിന്തുണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരായ നിതീഷിന്റെ യുദ്ധത്തില്‍ പങ്കുചേരുന്നതായും മോദി ട്വീറ്റ് ചെയ്തു. ലാലു പ്രസാദ് യാദവ് മന്ത്രിയായിരുന്ന കാലത്ത് റെയില്‍വേ കാറ്ററിങ് സ്വകാര്യ കമ്പനിക്ക് നല്‍കി എന്ന ആരോപണമാണ് ലാലുവിനും മകനുമെതിരെ നിലനില്‍ക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് ജൂലൈ ഏഴിന് ലാലുവിന്റെയും മകന്‍ തേജസ്വിയുടെയും വീട്ടില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല