നിര്‍മ്മാതാക്കളും വിതരണക്കാരും ഏര്‍പ്പെടുത്തിയ വിലക്കിന് നടി നിത്യമേനോന്‍ കല്‍പ്പിക്കുന്നത് പുല്ലുവില. മലയാള സിനിമയില്‍ നിന്ന് തന്നെ വിലക്കിയാല്‍ തമിഴിലേക്കും തെലുങ്കിലേക്കും പോകുമെന്ന് നിത്യ പറയുന്നു. ഇവിടുത്തേതിനേക്കാള്‍ കൂടുതല്‍ പ്രതിഫലവും അംഗീകാരവും അന്യഭാഷാ ചിത്രങ്ങളില്‍ ലഭിക്കുമ്പോള്‍ പിന്നെന്തിന് മലയാളത്തില്‍ തന്നെ കടിച്ചുതൂങ്ങി നില്‍ക്കണം എന്നാണ് നിത്യ ചോദിക്കുന്നത്
ഒരു സിനിമാപ്രസീദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ നിലപാട് വ്യക്‌തമാക്കുന്നത്. വിലക്ക് കണ്ട് പേടിച്ചോടുന്നവളല്ല താന്‍. വിലക്കിയതിന് ശേഷവും മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചു. വിലക്ക് വിലപ്പോകാതെ വന്നതോടെയാണ് തന്റെ ചിത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും നിത്യ പറഞ്ഞു. ഇതൊന്നുംകൊണ്ട് തന്നെ ഒതുക്കാനാകില്ല. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ട്. കഥയും കഥാപാത്രത്തിന്റെ പ്രാധാന്യവും നോക്കി അന്യഭാഷാ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമെന്നും നിത്യ പറഞ്ഞു.
ടി കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്‌ത തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ലൊക്കേഷനിലെത്തിയ നിര്‍മ്മാതാവ് ആന്റോ ജോസഫിനെ നിത്യ കാണാന്‍ തയ്യാറായില്ല എന്നതാണ് പ്രധാന ആരോപണം. നിത്യയെ കാണാനെത്തിയ തന്നെ അപമാനിച്ചതായാണ് നിര്‍മ്മാതാക്കളുടെ സംഘടനയ്‌ക്ക് ആന്റോ പരാതി നല്‍കിയത്.
എന്നാല്‍ ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കുകയായിരുന്ന താന്‍ പിന്നീട് കാണാമെന്നാണ് പറഞ്ഞതെന്നാണ് നിത്യ പറഞ്ഞത്. നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയശേഷവും നിത്യ ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ വിതരണക്കാരുടെ സംഘടനയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി നിത്യ അഭിനയിച്ച ചിത്രങ്ങളുടെ റിലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് നിത്യ മലയാള സിനിമയില്‍ നിന്ന് പൂര്‍ണമായി അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല