സ്വന്തം ലേഖകൻ: കോടതിയെ വെല്ലുവിളിച്ച് ബലാത്സംഗ കേസിലെ പ്രതിയായ വിവാദ സ്വാമി നിത്യാനന്ദ. താന്‍ പരമശിവനാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. ആര്‍ക്കും തന്നെ തൊടാനാവില്ല. ഒരു പൊട്ട കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു. തന്‍റെ അനുയായികളെ അഭിസംബോധന ചെയ്യുന്ന വിധത്തിലാണ് നിത്യാനന്ദയുടെ വീഡിയോ.
“സത്യവും യാഥാര്‍ഥ്യവും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും. ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. ഞാന്‍ പരമ ശിവനാണ്. മനസ്സിലായോ,” നിത്യാനന്ദ പറയുന്നു.
രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിച്ചെന്ന ബംഗളൂരു സ്വദേശികളായ മാതാപിതാക്കളുടെ പരാതിയില്‍ നിത്യാനന്ദക്കെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് നിത്യാനന്ദ രാജ്യത്ത് നിന്ന് മുങ്ങിയത്. ഇതിനിടെ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ അവകാശപ്പെടുകയുണ്ടായി. ‘
ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിത്. കൈലാസത്തിലെ ജനങ്ങള്‍ക്ക് ഭക്ഷണം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിവ സൗജന്യമായിരിക്കും. പക്ഷേ രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിന് പൗരന്‍മാര്‍ ഉദാരമായി സംഭാവന നല്‍കണമെന്ന് നിത്യാനന്ദ വെബ്‌സൈറ്റില്‍ അഭ്യര്‍ഥിക്കുന്നു.
ഇക്വഡോറിലെ ഒരു ദ്വീപാണ് നിത്യാനന്ദയുടെ കൈലാസ എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ നിത്യാനന്ദക്ക് അഭയം നല്‍കുകയോ ദക്ഷിണ അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ എംബസി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല