വിവാദസ്വാമി നിത്യാനന്ദയ്ക്ക് വീണ്ടും തിരിച്ചടി, വന്കൊട്ടിഘോഷത്തോടെ ബാംഗ്ലൂരിലെ ബദദിയിലുള്ള ആശ്രമത്തില്‍ നിത്യാനന്ദ നടത്തിയ കുണ്ഡലിനി ഉണര്‍ത്തല്‍ പരിപാടി പൊളിഞ്ഞതാണ് സ്വാമിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.
കുണ്ഡലിനീ ശക്തി ശരിയായി പ്രയോഗിച്ചാല്‍ ഇരിപ്പിടത്തില്‍ നിന്നും ഉയര്‍ന്ന് വായുവില്‍ ഒഴുകിനടക്കാന്‍ കഴിയുമെന്നവാദവുമായിട്ടാണ് നിത്യാനന്ദ പരിപാടി നടത്തിയത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കോ നിത്യാനന്ദയ്ക്കോ ഇത്തരത്തില്‍ പറക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. നിത്യാനന്ദയുടെ അടുത്ത അനുയായി നടി രഞ്ജിതയും പരിപാടിയ്ക്കെത്തിയിരുന്നു.
കുണ്ഡലിനിയുടെ അത്ഭുത ശക്തി ഭക്തര്‍ക്കും പൊതുജനങ്ങള്‍ക്കും കാട്ടിക്കൊടുക്കാന്‍ ഗുരുപൂര്‍ണിമ ദിവസമായ ജൂലൈ 15 വെള്ളിയാഴ്ചയായിരുന്നു നിത്യാനന്ദ സത്സംഗം പരിപാടി നടത്തിയത്. മാധ്യമ പ്രവര്‍ത്തകരും ഭക്തരും അടക്കം ഒട്ടേറെയാളുകള്‍ പങ്കെടുത്ത യോഗത്തില്‍ ആര്‍ക്കും തന്നെ കുണ്ഡലിനിയുടെ ശക്തിയില്‍ പറക്കാന്‍ കഴിഞ്ഞില്ല.
വിദേശികള്‍ അടക്കം നിരവധി ഭക്തര്‍ കുണ്ഡലീനി ശക്തി പരീക്ഷിക്കാന്‍ ആശ്രമത്തില്‍ എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ നടി രഞജിതയുടെ സാന്നിധ്യം ശ്രദ്ധനേടുകയും ചെയ്തു. പരിപാടിയ്ക്കിടെ വാദ്യഘോഷം മുറുകുമ്പോള്‍ ഭക്തരെല്ലാം ഇരുന്നിടത്തുനിന്നും ഉയരാന്‍ ശ്രമിച്ചെങ്കിലും തിരികെ ഇരുന്നേടത്തുതന്നെ വീഴുകയായിരുന്നു.
രഞ്ജിത പലതവണ ഇരിപ്പിടത്തില്‍ നിന്ന് ഉയര്‍ന്ന് ചാടുന്നതും താഴേക്ക് വീഴുന്നതും സംഭവസ്ഥലത്തുണ്ടായിരുന്ന ദൃശ്യമാധ്യമങ്ങള്‍ പകര്‍ത്തുകയും പലവട്ടം സംപ്രേഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഭക്തര്‍ കുണ്ഡലീനി പരീക്ഷണത്തില്‍ പരാജയപ്പെടുന്നത് കണ്ടതോടെ പ്രത്യേകം തയാറാക്കിയ സിംഹാസനത്തില്‍ ഇരുന്ന നിത്യാനന്ദയും തന്റെ കുണ്ഡലിനീശക്തി ഉപയോഗപ്പെടുത്തി പറന്നില്ല. ഇതിനിടെ, ആരും കുണ്ഡലീനി ശക്തിയില്‍ അന്തരീക്ഷത്തില്‍ ഉയരാതിരുന്നതിനെ ചില മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് ആശ്രമാധികൃതരുമായുള്ള വാക്കുതര്‍ക്കത്തില്‍ കലാശിച്ചു.
ഇതിനിടെ നിത്യാനന്ദയുടെ ഇത്തരം നടപടികള്‍ ഹിന്ദുമതത്തിനെ അപഹാസ്യമാക്കാന്‍ മാത്രമേ സഹായിക്കൂ എന്ന് വിവിധ ഹിന്ദുമത സംഘടനകള്‍ പ്രതികരിച്ചിട്ടുണ്ട്. നിത്യാനന്ദ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന് തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി ആവശ്യപ്പെട്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല