1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2012

ദൈവത്തിന്റെ അവതാരമാണെന്ന് അവകാശപ്പെടുന്ന നിത്യാനന്ദ വൃത്തികെട്ടവനാണെന്നും സമൂഹത്തിലെ കാന്‍‌സറാണെന്നും നിത്യാനന്ദയുടെ ശിഷ്യയായ ആരതി റാവു. മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിദ്യാഭ്യാസവും നല്ല ജോലിയും കുടുംബവും ഉണ്ടായിരുന്ന തന്നെ നിത്യാനന്ദ നിരവധി പ്രാവശ്യം ലൈംഗികകേളികള്‍ക്ക് വിധേയയാക്കിയ വിവരം ആരതി റാവു വെളിപ്പെടുത്തിയത്. പത്രസമ്മേളനത്തില്‍ ആരതി റാവു വെളിപ്പെടുത്തിയതിന്റെ പ്രമുഖ ഭാഗങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

“എന്റെ വീട് ബാംഗ്ലൂരിലാണ്. എങ്കിലും ഞാന്‍ വളര്‍ന്നതും പഠിച്ചതും ചെന്നൈയിലാണ്. 1996ലാണ് ഞാന്‍ ബി‌ടെക്ക് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് എം‌ ടെക്കും എടുത്തു. പ്രണയവിവാഹമായിരുന്നു എന്റേത്. നല്ല ജോലി, പ്രതിമാസം രണ്ടു ലക്ഷം രൂപ ശമ്പളം. നല്ല ഭര്‍ത്താവും കുടുംബവും. അതിനിടയിലാണ് എനിക്ക് ആത്മീയകാര്യങ്ങളില്‍ താല്‍‌പര്യം തോന്നിയത്. പലരും ശുപാര്‍ശ ചെയ്തപ്പോള്‍ നിത്യാനന്ദയുടെ മതപ്രഭാഷണങ്ങള്‍ക്ക് പോകാന്‍ തുടങ്ങി.”

“സാമൂഹ്യപ്രവര്‍ത്തകനാണ് എന്റെ ഭര്‍ത്താവ്. എന്നാല്‍ ആത്മീയകാര്യങ്ങളില്‍ ഒട്ടും താല്‍‌പര്യം ഇല്ലതാനും. ഞാന്‍ നിത്യാനന്ദയുടെ ശിഷ്യയായി മാറുന്നത് പലപ്പോഴും ഭര്‍ത്താവ് എതിര്‍ത്തു. എന്നാല്‍ ഇത്രയും ദയയും അറിവും കഴിവും ഉള്ള ഒരു ഗുരുവിനെ വേറെ എവിടെയും കിട്ടില്ലെന്ന് പറഞ്ഞ് ഞാന്‍ ഭര്‍ത്താവിന്റെ വാദങ്ങളെ ഖണ്ഡിക്കും. കാലം കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാന്‍ നിത്യാനന്ദന്റെ ഭക്തയായി മാറിക്കഴിഞ്ഞിരുന്നു.”

“അവസാനം, ഞാന്‍ ജോലി തന്നെ ഉപേക്ഷിച്ച് നിത്യാനന്ദയുടെ ബിഡദി ആശ്രമത്തിലെ അന്തേവാസിയായി. നിത്യാനന്ദയുടെ മുറിയിലേക്ക് പ്രവേശിക്കാന്‍ അധികമാര്‍ക്കും അനുമതിയില്ല. രാഗിണി എന്നൊരു അന്തേവാസിനിയാണ് നിത്യാനന്ദയെ ശുശ്രൂഷിച്ചിരുന്നത്. ഒരു ദിവസം രാഗിണിക്ക് എന്തോ രോഗം വന്നപ്പോള്‍ സ്വാമിയെ ശുശ്രൂഷിക്കാന്‍ നിയോഗിക്കപ്പെട്ടത് ഞാനാണ്. അപ്പോഴാണ് നിത്യാനന്ദയുടെ ശരിക്കുള്ള ‘സ്വരൂപം’ ഞാന്‍ കണ്ടത്.”

“മുറിയില്‍ എത്തിയ എന്നെ തേനും പാലും ഒഴുകുന്ന ഭാഷയില്‍ നിത്യാനന്ദ പുകഴ്ത്തി. ‘മധുരഭാവം’ എന്നൊരു യോഗവിദ്യ പഠിപ്പിച്ച് തരാമെന്ന് പറഞ്ഞു. മധുരഭാവം എന്നാല്‍ ഞാന്‍ രാധയാണെന്നും നിത്യാനന്ദ കൃഷ്ണനാണെന്നും സങ്കല്‍‌പ്പിച്ച് നടത്തുന്ന ഒരുതരം കളിയാണ്. നിത്യാനന്ദയെ കൃഷ്ണനാണെന്ന് സങ്കല്‍‌പ്പിച്ചപ്പോള്‍ നിത്യാനന്ദ ചെയ്യുന്നതൊക്കെ സാക്ഷാല്‍ കൃഷ്ണന്‍ ചെയ്യുന്നതാണെന്ന് ഞാന്‍ കരുതി. ”

“പലപ്രാവശ്യം നിത്യാനന്ദയുമായി ഞാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. വടക്കേ ഇന്ത്യയിലെ പല പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെയൊക്കെയും ഞങ്ങള്‍ ‘മധുരഭാവം’ നടത്തി. ചിലപ്പോഴൊക്കെ ഞാന്‍ ചെയ്യുന്നത് പാപമാണെന്ന് എനിക്ക് തോന്നാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ രാധയാകാന്‍ ഞാന്‍ വിസമ്മതിക്കും. അത്തരമൊരു അവസരത്തില്‍ നിത്യാനന്ദ എന്റെ കവിളത്തടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.”

“നിത്യാനന്ദയുടെ കരാളഹസ്തങ്ങളില്‍ നിന്ന് ഇനി രക്ഷയില്ലെന്ന് എനിക്ക് മനസ്സിലായി. അപ്പോഴാണ് ഞാന്‍ ലെനിന്‍ കറുപ്പണ്ണനെ പരിചയപ്പെടുന്നത്. ലൈംഗികമായി എന്നെ നിത്യാനന്ദ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ലെനിന്‍ എന്നോട് ചോദിച്ചു. ഞാന്‍ ഇല്ല എന്ന് പറഞ്ഞു. എന്നാല്‍ വീണ്ടും അതുതന്നെ ലെനിന്‍ ചോദിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. അപ്പോഴാണ് എനിക്ക് മാത്രമല്ല ഈ ദുര്‍‌വിധി ഉണ്ടായിട്ടുള്ളതെന്ന് ലെനിന്‍ എനിക്ക് വിശദീകരിച്ച് നല്‍‌കിയത്.”

“എല്ലാം അറിഞ്ഞതോടെ എനിക്ക് ഭ്രാന്ത് പിടിച്ചപോലെയായി. അങ്ങനെയാണ് നിത്യാനന്ദയുടെ മുറിയില്‍ ക്യാമറ വയ്ക്കുന്ന കാര്യം ഞങ്ങള്‍ തീരുമാനിച്ചത്. അമേരിക്കയില്‍ നിന്ന് നിത്യാനന്ദ വരുത്തിയ എയര്‍ പ്യൂരിഫയറിനുള്ളിലാണ് ഞാന്‍ ക്യാമറ സ്ഥാപിച്ചത്. എനിക്ക് നിത്യാനന്ദയുടെ മുറിയില്‍ പ്രവേശനം ഉണ്ടായിരുന്നതിനാലാണ് അങ്ങനെ സാധിച്ചത്.”

“ഞങ്ങളുടെ ലക്‍ഷ്യം നടി രഞ്ജിത അല്ലായിരുന്നു. എന്താണ് നിത്യാനന്ദയുടെ മുറിയില്‍ നടക്കുന്നത് എന്നറിയുക മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. പാവം രഞ്ജിത അതില്‍ പെട്ടുപോയി എന്ന് മാത്രം. ആശ്രമത്തില്‍ ഉണ്ടായ സംഭവങ്ങളെല്ലാം ഞാന്‍ ഭര്‍ത്താവിനോട് പറയുകയും കാലില്‍ കെട്ടിപ്പിടിച്ച് മാപ്പപേക്ഷിക്കുകയും ചെയ്തു. ഭര്‍ത്താവ് എനിക്ക് മാപ്പുതന്നു. അപ്പോഴാണ് എനിക്കെതിരെ നിത്യാനന്ദ കേസ് കൊടുത്തത്.”

“അമേരിക്കയിലാണ് നിത്യാനന്ദ കേസുകൊടുത്തത്. ആറുമാസം കൊണ്ട് 30 ലക്ഷം രൂപയാണ് കേസുപറയാനായി ഞാന്‍ മുടക്കിയത്. സ്വൈരം ലഭിക്കില്ലെന്ന് മനസ്സിലായതോടെ ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു. പൈസയില്ലാതായാല്‍ ഞാന്‍ എല്ലാം അവസാനിപ്പിക്കും എന്ന് നിത്യാനന്ദ കരുതിയിരിക്കും. ഞാന്‍ ഒരിക്കലും നിത്യാനന്ദയ്ക്ക് എതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. എന്റെ കദനകഥ കേട്ട് ഒരു സ്ത്രീയെങ്കിലും നിത്യാനന്ദയില്‍ നിന്ന് രക്ഷപ്പെട്ടാല്‍ ഞാന്‍ തൃപ്തയാകും.”

“വൃത്തികെട്ടവനാണ് നിത്യാനന്ദ. നമ്മുടെ സമൂഹത്തിലെ ക്യാന്‍സറാണവന്‍. ആര്‍ക്കുമറിയാതെ വൈറസ് പോലെ അവന്‍ വ്യാപിക്കുകയാണ്. ആരെങ്കിലും ഈ വൈറസിനെ തകര്‍ത്തേ പറ്റൂ. ആ ലക്‍ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് എന്റെ പോരാട്ടം. കര്‍ണാടകത്തില്‍ ഞാന്‍ നിത്യാനന്ദയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തുകഴിഞ്ഞു” – ആരതി റാവു പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.