സ്വന്തം ലേഖകൻ: നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാമതെത്തിയത്. തമിഴ്നാടാണ് രണ്ടാമത്. തെലങ്കാന മൂന്നാമതെത്തി. ഉത്തർപ്രദേശാണ് ഏറ്റവും മോശം പ്രവർത്തനം നടത്തിയ സംസ്ഥാനം.
എന്നാൽ 2018ൽ നിന്നു 2019ൽ എത്തുമ്പോൾ ആരോഗ്യവിഷയത്തിൽ ഏറ്റവും പുരോഗമനം നടത്തിയ സംസ്ഥാനം എന്ന നേട്ടവും ഉത്തർപ്രദേശ് സ്വന്തമാക്കി. 2019-20 കാലത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്.
ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ലോകബാങ്കിന്റെ സാങ്കേതിക സഹായം നേടിയാണ് റിപ്പോർട്ട് തയാറാക്കിയത്. ചെറിയ സംസ്ഥാനങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം ലഭിച്ചത് മിസോറമിനാണ്. കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹി, ജമ്മു–കാശ്മീർ എന്നിവ അവസാന സ്ഥാനത്താണ് എത്തിയത്.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുറത്തുവിട്ട സദ്ഭരണ സൂചികയിൽ കേരളം അഞ്ചാം സ്ഥാനം നേടിയിരുന്നു. ഗുജറാത്താണ് ഒന്നാമത്. വ്യവസായ സൗഹൃദ കാര്യത്തിൽ നില ഏറ്റവും മെച്ചപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല