സ്വന്തം ലേഖകന്‍: കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ യൂത്ത് അംബാസഡറായി നിവിന്‍ പോളിയെത്തുമ്പോള്‍. പുതിയ ടീം ലൈനപ്പ് അവതരിപ്പിച്ചപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിവിന്‍ പോളിയെ യൂത്ത് അംബാസിഡറായി ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ചത്. സച്ചിന് തെണ്ടുല്‍ക്കര്‍, ചിരഞ്ജീവി, നാഗാര്‍ജുന എന്നിവര്‍ക്കൊപ്പം സ്വര്‍ണക്കരയുള്ള വെള്ള മുണ്ടും മഞ്ഞ ടീഷര്‍ട്ടും ധരിച്ചായിരുന്നു നിവിന്‍ പോളിയും എത്തിയത്.
ചെറുപ്പം മുതലെ മറ്റേതൊരു ഇന്ത്യക്കാരനെയും പോലെ സച്ചിന് തെണ്ടുല്‍ക്കറെ ആരാധിച്ചും സ്നേഹിച്ചും ജീവിച്ച തനിക്ക് അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നിവിന്‍ പോളി പറഞ്ഞു. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണെന്നും കേരളാ ബ്ലാസ്റ്റേഴ്സിനോട് സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.എല്‍ മൂന്നാം സീസണിലേക്ക് എത്തിയപ്പോള്‍ ആദ്യമായിട്ടാണ് മലയാള സിനിമാ ലോകത്ത് നിന്നൊരു താരം ഔദ്യോഗികമായി കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം സഹകരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത കേരളാ ബ്ലാസ്റ്റേഴ്സിന് പക്ഷെ ഒരിക്കല്‍ പോലും കപ്പ് നേടാന്‍ സാധിച്ചിരുന്നില്ല.
മുന്‍ പിഴവുകള്‍ പരിഹരിച്ച് മുന്നോട്ടു നീങ്ങാനായിരിക്കും ഇത്തവണ ശ്രമിക്കുക എന്ന് മുഖ്യ പരിശീലകന് സ്റ്റീവ് കോപ്പലും ടീമുടമ സച്ചിന് തെണ്ടുല്‍ക്കറും ആരാധകര്‍ക്ക് ഉറപ്പ് നല്കി. ഗുവാഹട്ടിയില്‍ ഒക്ടോബര്‍ ഒന്നാം തിയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായിട്ടാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല