സ്വന്തം ലേഖകന്‍: ഝലം, ചിനാബ് നദികളിലെ ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികള്‍ക്ക് ലോക ബാങ്കിന്റെ അനുമതി, പാകിസ്താന് തിരിച്ചടി. ഝലം, ചിനാബ് നദികളില്‍ ചില നിയന്ത്രണങ്ങളോടെ പദ്ധതികള്‍ നടപ്പിലാക്കാം എന്നാണ് ലോകബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. സിന്ധു നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട് ഇന്ത്യപാകിസ്താന്‍ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ലോകബാങ്കിന്റെ തീരുമാനം.
കിഷന്‍ഗംഗ, റേറ്റല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ പദ്ധതിയുമായി ഇന്ത്യക്ക് മുന്നോട്ട് പോകാമെന്നായിരുന്നു ലോകബാങ്ക് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ സെപ്തംബറില്‍ നടക്കും. പദ്ധതികളുടെ രൂപരേഖ പരിശോധിക്കണമെന്ന് പാകിസ്താന്‍ ലോകബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നിഷ്പക്ഷ പരിശോധന വേണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.
1960 ലാണ് ഇന്ത്യയും പാകിസ്താനും ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ സിന്ധു ജല കരാറില്‍ ഒപ്പിട്ടത്. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ ബിയാസ്, സത്‌ലജ്, രവി നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചിനാബ് എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനും ലഭിക്കുകയായിരുന്നു. പദ്ധതികള്‍ക്ക് ലോകബാങ്കിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുമെന്ന് ഇന്ത്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുന്നത് യുദ്ധപ്രഖ്യാപനമായി കണക്കാക്കേണ്ടിവരുമെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അഭിപ്രായപ്പെട്ടത്. കരാറില്‍ നിന്നും പിന്‍മാറുന്നതിന് പകരം കരാറിലൂടെ ലഭിച്ച അവകാശങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല