സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് ഇനി ഐഇഎല്‍ടിഎസ് കീറാമുട്ടിയാകില്ല, ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ അടിമുടി പുതുക്കി ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് ബ്രിട്ടീഷ് അധികൃതര്‍. വിദേശത്ത് പരിശീലനം നേടിയിട്ടുള്ള നഴ്‌സുമാര്‍ക്കായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തുള്ള നിയമങ്ങള്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) പുറത്തുവിട്ടു. എല്ലാ വിഷയങ്ങള്‍ക്കും ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴു വേണമെന്ന നിബന്ധന പുതിയ നിയമത്തില്‍ എടുത്തു കളഞ്ഞു.
പകരം നഴ്‌സിംഗ് വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള ഒഇടി (ഒക്കേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്) എഴുതുകയാണെങ്കില്‍ അതിനു ബി ഗ്രേഡ് ലഭിച്ചാല്‍ മതി. ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്ത് പഠിക്കുകയോ അല്ലെങ്കില്‍ മറ്റൊരു രാജ്യത്ത് പഠിച്ച ശേഷം ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യത്ത് ചുരുങ്ങിയത് ഒരു വര്‍ഷം രജിസ്‌ട്രേഷനോട് കൂടി നഴ്‌സായി ജോലി ചെയ്തുവെന്ന് തെളിയിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇനി ലാംഗ്വേജ് ടെസ്റ്റിന് വിധേയരാകേണ്ടി വരില്ല.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ നഴ്‌സുമാര്‍ അവര്‍ അടുത്ത കാലത്ത് നഴ്‌സിംഗ് പാസായവരാണെങ്കില്‍ തങ്ങള്‍ ഇംഗ്ലീഷിലാണ് നഴ്‌സിംഗ് പഠിച്ചതെന്നു തെളിയിച്ചാല്‍ ഐഇഎല്‍ടിഎസ് വേണ്ട. പക്ഷേ ഈ കോഴ്‌സിന്റെ 50 ശതമാനം ക്ലിനിക്കല്‍ പ്രാക്ടീസ് ഉള്ള കോഴ്‌സാണ് എന്നു തെളിയിക്കണം. ഈ 50 ശതമാനം പ്രാക്ടിക്കല്‍ പഠനത്തിന്റെ 75 ശതമാനം രോഗികളും അവരുടെ കുടുംബക്കാരും ഒക്കെയായി ഇടപെട്ടുള്ള കോഴ്‌സാകണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള യോഗ്യരായ നഴ്‌സുമാര്‍ക്കും മിഡ്വൈഫിനും ഇപ്പോള്‍ തങ്ങളുടെ ഇംഗ്ലീഷ് ഭാഷ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കിലും പരിശീലനം ലഭിച്ചിട്ടുള്ള നഴ്‌സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും ബദല്‍ ഓപ്ഷനുകളാണ് നല്‍കുന്നതിലൂടെ കൂടുതല്‍ പേര്‍ക്കു ബ്രിട്ടനിലെത്തി ജോലി ചെയ്യുവാന്‍ അവസരം ഒരുങ്ങുമെന്ന് എന്‍എംസി അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ പുതുക്കിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല