സ്വന്തം ലേഖകൻ: ക്രമക്കേടുകള്‍ക്കും പിടിപ്പുകേടുകള്‍ക്കും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന എന്‍ എം സിയില്‍ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വ്യക്തിഗത കേസുകളിലെ അന്വേഷണം വൈകുന്നത് കാരണം ചുരുങ്ങിയത് 16 നഴ്സുമാരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ദി ഇന്‍ഡിപെന്‍ഡന്റ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു കൊണ്ടു വന്നിരിക്കുന്നത്.
വംശീയ വിവേചനം ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ക്ക് വിധേയമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിലെ വിഷലിപ്തമായ അന്തരീക്ഷം പൊതുജനങ്ങള്‍ക്ക് ഏറെ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചില വിസില്‍ ബ്ലോവേഴ്സിന്റെ ആരോപണങ്ങളെ പിന്‍പറ്റി ദി ഇന്‍ഡിപെന്‍ഡന്റ് പത്രത്തിലെ അന്വേഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നസീര്‍ അഫ്സല്‍ കെ സി യുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.
ഈ വിലയിരുത്തലില്‍ തെളിഞ്ഞത് അന്വേഷണ വിധേയമായ ആറ് നഴ്സുമാര്‍ കഴിഞ്ഞ വര്‍ഷം മാത്രം ആത്മഹത്യ ചെയ്തു എന്നാണ്. അന്വേഷണത്തില്‍ വരുന്ന ദൈര്‍ഘ്യമേറിയ കാലതാമസം പലപ്പോഴും ഇരകളെ നിരാശയിലാഴ്ത്തുന്നതായി അന്വേഷണ സമിതി മുന്നറിയിപ്പ് നല്‍കി. പലപ്പോഴും കേസുകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് വര്‍ഷങ്ങളോളം സമയമെടുക്കുന്നു. ഇപ്പോള്‍, ദി ഇന്‍ഡിപെന്‍ഡന്റ് നല്‍കിയ ചോദ്യത്തിന് മറുപടിയായി എന്‍ എം സി വെളിപ്പെടുത്തിയത്, 2018 മുതല്‍ ചുരുങ്ങിയത് 16 നഴ്സുമാരെങ്കിലും സ്വയം ജീവനൊടുക്കിയിട്ടുണ്ട് എന്നാണ്.
എന്നാല്‍, ഈ ആത്മഹത്യകള്‍ എല്ലാം എന്‍ എം സിയുടെ അന്വേഷണത്തിലെ കാലതാമസവുമായി ബന്ധപ്പെട്ടാണോ എന്ന് ഉറപ്പിക്കാന്‍ ആയിട്ടില്ല. അന്വേഷണ വിധേയമായ കാലഘട്ടത്തില്‍ ആത്മഹത്യ ചെയ്ത ഒരു നഴ്സിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഈ മാസം തുടങ്ങാന്‍ ഇരിക്കുകയാണ്. അതേസമയം, ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ വെളിച്ചത്തില്‍ സ്ഥാനം രാജിവക്കില്ലെന്ന് എന്‍ എം സി ചെയര്‍മാന്‍ സര്‍ ഡേവിഡ് വാറന്‍ വ്യക്തമാക്കി. സ്ഥിരതയാര്‍ന്നതും, തുടര്‍ച്ചയുള്ളതുമായ ഒരു നേതൃത്വമാണ് ഈ സാഹചര്യത്തില്‍ കൗണ്‍സിലിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല