സ്വന്തം ലേഖകൻ: യുകെയിലെമ്പാടുമായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് നഴ്സുമാരെയും ചികിത്സ തേടിയെത്തുന്ന പൊതുജനങ്ങളേയും ചൂഷണങ്ങളില്‍ നിന്നും പലവിധ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടവര്‍ തന്നെ അത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ എന്താണ് അവസ്ഥ. അതാണ് ഇപ്പോള്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി റെഗുലേറ്ററി എന്ന എന്‍എംസിയെ കുറിച്ച് അടുത്താഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന റിപ്പോര്‍ട്ട്. വംശീയതടക്കമുള്ള വിഷ സംസ്കാരം കാരണം പൊതുജനങ്ങളെ അപകടത്തിലാക്കുന്നുവെന്നും സ്റ്റാഫുകള്ക്കിടയില് തന്നെ ക്രമക്കേടുകള്‍ കാട്ടുന്നവരും കൃത്യവിലോപം ചെയ്യുന്നവരും വിലസുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടന്റെ ആരോഗ്യ മേഖലയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഈ റിപ്പോര്‍ട്ട് അടുത്താഴ്ച പ്രസിദ്ധീകരിക്കാനിരിക്കെ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി കഴിഞ്ഞു. പൊതു സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഇരട്ടിപ്പിക്കുന്നതായിരിക്കും ഈ റിപ്പോര്‍ട്ട്. ഇതിനെ കുറിച്ച് സംസാരിക്കുകയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ചുള്ള തെളിവ് നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉപദ്രവിക്കുമെന്ന ഭീഷണികളടക്കം ഉയര്‍ന്നു കഴിഞ്ഞു.
യുകെയിലുടനീളമുള്ള എട്ടു ലക്ഷത്തോളം നഴ്സുമാരെയും മിഡ്വൈഫുകളെയും എന്‍എംസി നിയന്ത്രിക്കുന്നുണ്ട്. കൂടാതെ ആരോഗ്യ, പരിചരണ തൊഴിലാളികളുടെ 10 ഔദ്യോഗിക പ്രൊഫഷണല്‍ റെഗുലേറ്റര്‍മാരില്‍ ഒരാളുമാണ്. മുന്‍ ചീഫ് ക്രൗണ്‍ പ്രോസിക്യൂട്ടര്‍ നസീര്‍ അഫ്സലും റൈസ് അസോസിയേറ്റ്സും ചേര്‍ന്നാണ് ഈ അവലോകനം നടത്തിയിരിക്കുന്നത്. എന്‍എംസിയിലെ വംശീയതയും ലിംഗവിവേചനവും കാരണം നഴ്സുമാര്‍ക്കെതിരെ ‘അനിയന്ത്രിതമായി’ പരാതികള്‍ ഉണ്ടാകുന്നുവെന്ന ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷത്തിന് ഉത്തരവിട്ടത്.
എന്‍എംസിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ആയിരത്തോളം സ്റ്റാഫുകളുടേയും മുന്‍ സ്റ്റാഫുകളുടേയും അഭിപ്രായങ്ങളും നൂറോളം സ്റ്റാഫുകളുടെ ഇന്‍ര്‍വ്യൂകളും കൂട്ടിച്ചേര്‍ത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്‍എംസിയില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് അറിയിച്ചയാളുടെ കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനമേകുന്ന നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ ആരോപണങ്ങളില്‍ എന്എംസിക്കുള്ളിലെ പ്രശ്നങ്ങള്‍ അന്വേഷണങ്ങള്‍ പരാജയപ്പെടുന്നതിനും ജീവനക്കാരെ സംസാരിക്കുന്നതില്‍ നിന്ന് തടയുന്നതിനും ഇടയാക്കിയിരുന്നു. ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച നഴ്സുമാരെക്കുറിച്ചുള്ള തെറ്റായ അന്വേഷണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു.
നഴ്സുമാര്‍ക്കെതിരായ വംശീയാധിക്ഷേപ പരാതികള്‍ അനിയന്ത്രിതമായി ഉയരുന്നതിനു കാരണമായ റെഗുലേറ്ററുടെ സംസ്കാരം വെളിവാക്കുന്ന തെളിവുകളും വീസില്ബ്ലോവര് വെളിപ്പെടുത്തി. വംശീയതയും വിവേചനവും നേരിടുന്നതില്‍ എന്‍എംസി പരാജയപ്പെട്ടുവെന്ന വീസില്ബ്ലോവറുടെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല