1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2012

പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിയ്ക്കുന്നുവെന്ന ആരോപണം നേരിടുന്ന ധാത്രി, ഇന്ദുലേഖ, ശ്രീധരീയം എന്നീ ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ച സിനിമാതാരങ്ങള്‍ക്കെതിരെ നടപടി സ്വീകരിയ്ക്കാവുന്നതാണെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എന്നാലിപ്പോള്‍ അത്തരമൊരു നീക്കമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സി എസ് സതീഷ് കുമാര്‍ പറഞ്ഞു.

അനൂപ് മേനോന്‍, പ്രിയാമണി, സംവൃത സുനില്‍, സജിത മഠത്തില്‍, ശരത് എന്നിങ്ങനെ സിനിമയിലും സീരിയലുകളിലും പ്രശസ്തരായ ഒട്ടേറെ അഭിനേതാക്കളാണ് ഈ ഉത്പന്നങ്ങളുടെ ടിവി, പത്രപ്പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നവിധം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പ്രസ്താവനകള്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് താരങ്ങള്‍ക്കെതിരേയും നിയമനടപടിയാകാമെന്ന നിയമോപദേശം ലഭിച്ചത്. എന്നാല്‍ മനപ്പൂര്‍വം തട്ടിപ്പിന് താരങ്ങള്‍ കൂട്ടുനിന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കരുതുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ നടപടിക്കു തയ്യാറാകാത്തതെന്ന് പറയപ്പെടുന്നു.

ഇന്ദുലേഖ, ധാത്രി, ശ്രീധരീയം എന്നീ ബ്രാന്‍ഡുകളുടെ വിവിധ ഉത്പന്നങ്ങളെക്കുറിച്ചു വരുന്ന പരസ്യ വാചകങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇവയ്‌ക്കൊന്നിനും പരസ്യത്തില്‍ അവകാശപ്പെടുന്ന ഗുണനിലവാരമില്ലെന്നുമാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായത്.

ധാത്രി ഡൈവിറ്റാ പ്ലസ് കാപ്‌സ്യൂള്‍സ്, ഇന്ദുലേഖ സ്‌കിന്‍ കെയര്‍ ഓയില്‍, ഇന്ദുലേഖ കംപ്ലീറ്റ് ഹെയര്‍കെയര്‍ ഓയില്‍, ഇന്ദുലേഖ കംപ്ലീറ്റ് സ്‌കിന്‍ ക്രീം, ശ്രീധരീയം സ്മാര്‍ട്ട്‌ലീന്‍, ധാത്രി ഫെയര്‍ സ്‌കിന്‍ ക്രീം, ധാത്രി ഹെയര്‍ കെയര്‍ ഹെര്‍ബല്‍ ഓയില്‍, ധാത്രി ഹെയര്‍ കെയര്‍ കാപ്‌സ്യൂള്‍സ് എന്നീ ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നായിരുന്നു കണ്ടെത്തിയത്.

അതേസമയം കമ്പനികളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായി കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെ കമ്പനികള്‍ ഈ ഉത്പന്നങ്ങളുടെ ലേബലുകള്‍ മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ ടിവി പരസ്യങ്ങള്‍ തല്‍ക്കാലത്തേയ്ക്കു പിന്‍വലിക്കുകയും ചെയ്തു. മാറ്റി ചിത്രീകരിച്ച പരസ്യങ്ങള്‍ കഴിഞ്ഞദിവസംമുതല്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വന്‍തുകയുടെ പരസ്യം ലഭിക്കുന്നതിനാല്‍ ചാനലുകളും പത്രങ്ങളും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ കണ്ടെത്തലുകളെ തമസ്‌കരിച്ചത് വന്‍വിവാദമായി മാറിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.