വിഎസ് അച്യുതാനന്ദനെതിരെ തല്ക്കാലം നടപടി എടുക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്ര, സംസ്ഥാന കമ്മറ്റികളില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് പിബി നിര്‍ദ്ദേശം. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെയും നിലപാടുകളുടെയും പേരിലാണ് വിഎസിനെകിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്.
അതേസമയം വിവാദ പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ തെക്രട്ടറി എംഎം മണിക്കെതിരെ നടപടി എടുക്കുന്നതില്‍ വൈകിയതില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പിബിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തു.വിഎസ് കേന്ദ്ര നേതൃത്വത്തിന് വിഎസ് അയച്ച കത്ത് വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കും എന്നാണ് റിപ്പോര്‍ട്ട്. കത്തില്‍ കേരളത്തിലെ ഇപ്പോഴത്തെ പാര്‍ട്ടിയുടെ അവസ്ഥ, പിണറായിയുടെ കുലംകുത്തി പ്രയോഗം തുടങ്ങിയ കാര്യങ്ങള്‍ വിഎസ് പറഞ്ഞിട്ടുണ്ട് എന്നാണ് സൂചന.
വിഎസിന്റെ പരസ്യ പ്രസ്താവനയ്ക്കെതിരെ തല്ക്കാലം നടപടി ഇല്ലെങ്കിലും, കേരളത്തിലെ നേതാക്കള്‍ നടത്തുന്ന പരസ്യ പ്രസ്തവനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് പിബി തീരുമാനം എന്നും സൂചനയുണ്ട്.കേരളത്തില്‍ ഇപ്പോള്‍ പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന പ്രത്യേക പ്രതിസന്ധി ഘട്ടം പരിഗണിച്ച് വളരെ ശ്രദ്ധിച്ച് മുന്നോട്ടു പോവുകയും പരിഹാരം കാണുകയും ചെയ്യുക എന്ന ഒരു നിലപാടിലാണ് നേതൃത്വം എന്നു വേണം മനസ്സിലാക്കാന്‍.
ജൂണ്‍ 17 മുതല്‍ 21 വരെ സംസ്ഥാന കമ്മറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങള്‍ ചേരുന്നുണ്ട്. ഈ യോഗങ്ങളില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗം എസ് രാമചന്ദ്ര പിള്ളയും പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല