സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ല; ബ്രെക്‌സിറ്റ് വിഷയത്തില്‍ ഉറച്ച നിലപാടുമായി തെരേസാ മേയ്. ബ്രെക്‌സിറ്റില്‍ യൂറോപ്യന്‍ യൂണിയനുമായി വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ താല്‍പര്യം ബലികഴിക്കില്ലെന്നും സണ്‍ഡേ ടെലിഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.
ബ്രെക്‌സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്ന ആവശ്യവും അവര്‍ തള്ളി. രണ്ടാം ഹിതപരിശോധന ബ്രിട്ടീഷ് ജനാധിപത്യത്തോടുള്ള ചതിയും വിശ്വാസമില്ലായ്മയുമാണെന്നും തെരേസാ മേയ് തുറന്നടിച്ചു.
തെരേസാ മേയ് മുന്നോട്ടു വച്ച ചെക്കേര്‍സ് എഗ്രിമെന്റ് പ്രകാരം ബ്രെക്‌സിറ്റിനു ശേഷമുള്ള യുകെ, ഇയു വ്യാപാരം നിയന്ത്രിക്കുക ഒരു പൊതുനിയമ ചട്ടക്കൂടാണ്. എന്നാല്‍ ഇത് യൂണിയനില്‍ നിന്ന് പുറത്തുപോയതിനു ശേഷവും യുകെയെ ഇയു വ്യാപാരനൂലാമാലകളില്‍ കുടുക്കുന്നതിനാല്‍ രാജ്യത്തിന്റെ വ്യാപാരക്കുതിപ്പിന് തടസമാകുമെന്നുമാണ് വിമര്‍ശകരുടെ വാദം.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷവും സ്വന്തം പാര്‍ട്ടിയിലെ ചിലരും തെരേസാ മേയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിരുന്നു. മേയുടെ ബ്രെക്‌സിറ്റ് വ്യാപാര നയങ്ങളില്‍പ്രതിഷേധിച്ച് വിദേശകാര്യ സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണും ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും രാജിവെക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല