സ്വന്തം ലേഖകൻ: ജനാധിപത്യം ഇന്ത്യയുടെ ഡിഎന്‍എയിലും ആത്മാവിലും രക്തത്തിലും അലിഞ്ഞചേര്ന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വിവേചനവും ഇന്ത്യയില്‍ ഇല്ല, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭരണഘടനയിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ്ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് യുഎസ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മോദി ഇങ്ങനെ പറഞ്ഞത്.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ അക്രമങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുയര്‍ത്തി.
ചോദ്യത്തിലെ ആരോപണം നിഷേധിച്ച പ്രധാനമന്ത്രി ആളുകള്‍ ഇങ്ങനെ പറയുന്നുവെന്ന് നിങ്ങള്‍ പറയുന്നതില്‍ താന്‍ ആശ്ചര്യപ്പെടുന്നു, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കില്‍ ജനാധിപത്യമില്ല. ജനാധിപത്യത്തില്‍ ജീവിക്കുമ്പോള്‍ വിവേചനത്തിന്റെ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘തന്റെ സര്‍ക്കാര്‍ ഒന്നിലും വിവേചനം കാണിക്കുന്നില്ല. ജാതി മത വിവേചനങ്ങളില്ലാതെയാണ് സേവനങ്ങളുടെ കൈമാറ്റങ്ങള്‍ നടക്കുന്നത്. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് മുദ്രാവാക്യം. മതമോ ജാതിയോ പ്രായമോ ഭൂമിശാസ്ത്രമോ പരിഗണിക്കാതെ എല്ലാവര്ക്കും രാജ്യത്ത് സൗകര്യങ്ങള്‍ ലഭ്യമാണ്’ മോദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല