1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2023

സ്വന്തം ലേഖകൻ: പൊതു, സ്വകാര്യ മേഖലകളിലെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി ഉത്തരവ് പുറപ്പെടുവിച്ചതായി അല്‍ ജരീദ ദിനപത്രം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിനും പുതുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ആരോഗ്യ ലൈസന്‍സിംഗ് വകുപ്പിന് സമര്‍പ്പിക്കണമെന്ന് 2023 ലെ 220-ാം നമ്പര്‍ മന്ത്രിതല പ്രമേയം വ്യക്തമാക്കി.

കൂടാതെ ലൈസന്‍സ് പുതുക്കല്‍ അപേക്ഷ നിലവിലെ ലൈസന്‍സിന്റെ കാലാവധി അവസാനിക്കുന്നതിന് അറുപത് ദിവസം മുമ്പെങ്കിലും സമര്‍പ്പിക്കണം. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍, അതിനുശേഷം സമര്‍പ്പിക്കുന്ന ഓരോ അപേക്ഷയ്ക്കും ലൈസന്‍സിംഗ് ഫീസ് നിയന്ത്രിക്കുന്ന മന്ത്രിതല തീരുമാനത്തില്‍ പറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ ഫീസിന്റെ ഇരട്ടി അപേക്ഷകന്‍ നല്‍കേണ്ടിവരുമെന്നും പുതിയ നിയമ ഭേദഗതിയില്‍ പറയുന്നു.

ഇതിനു പുറമെ, 65 വയസ്സിനു മുകളില്‍ പ്രായമുള്ള സ്വകാര്യ മേഖലയിലെ പ്രൊഫഷനലുകള്‍ക്ക് മെഡിസിന്‍, ദന്തചികിത്സ, അനുബന്ധ തൊഴിലുകള്‍ എന്നിവ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് അനുവദിക്കാനും പുതുക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്. ആരോഗ്യം മന്ത്രാലയം നിര്‍ണ്ണയിച്ച മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മെഡിക്കല്‍ പ്രാക്ടീസ് അനുവദിക്കൂ എന്നും പുതിയ നിയമ ഭേദഗതിയില്‍ പറയുന്നു. ഇവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഫിറ്റ്‌നെസ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

മെഡിക്കല്‍ പ്രൊഫഷനിലും അനുബന്ധ തൊഴിലുകളിലും പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ ചെയ്യാനുള്ള ലൈസന്‍സിന്റെ കാലാവധി മന്ത്രാലയത്തിനു കീഴിലെ തന്റെ സേവനം അവസാനിക്കുന്നത് വരെ സാധുതയുള്ളതാണെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി, സര്‍ക്കാര്‍ മേഖലയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനം അവസാനിപ്പിച്ചതിന് ശേഷം സ്വകാര്യം മേഖലയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിന് തടസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇങ്ങനെ സ്വകാര്യ മേഖലയിലേക്ക് മെഡിക്കല്‍ പ്രാക്ടീസിംഗ് ലൈസന്‍സ് മാറ്റുന്നതിന് നിശ്ചിത ഫീസ് നല്‍കണം. അതോടൊപ്പം ഏത് മേഖലയിലാണോ പ്രാക്ടീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ മേഖലയിലെ ഔദ്യോഗിക സ്ഥാപനത്തില്‍ നിന്നുള്ള പ്രത്യേക അനുമതിയും വേണം. അതേസമയം, സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് പിരിച്ചുവിടപ്പെടുകയോ മെഡിക്കല്‍ വൈകല്യം കാരണം സേവനം അവസാനിപ്പിച്ചവരോ ആയ ഡോക്ടര്‍മാര്‍ക്ക് അതിനു ശേഷം സ്വകാര്യ മേഖലയില്‍ പ്രാക്ടീസ് അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.

അതിനിടെ, സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന കുവൈത്തിലെ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് പ്രാക്ടീഷണര്‍മാര്‍ക്ക് അവരുടെ സ്വകാര്യ ക്ലിനിക്കുകളിലോ സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലോ ഔദ്യോഗിക പ്രവൃത്തി സമയത്തിന് പുറത്ത് ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി വ്യക്തമാക്കി.

സ്വകാര്യ പ്രാക്ടീസ് അനുവദിക്കപ്പെടുന്നവരുടെ പട്ടിക മന്ത്രാലയം പുറത്തിറക്കിയതായും അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മേഖലില്‍ ഏതെങ്കിലും സ്‌പെഷ്യലൈസേഷനുള്ള കുവൈത്ത് ഡോക്ടര്‍മാര്‍ക്കാണ് ഇതിന് അവസരമുള്ളത്. കൂടാതെ ഇവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ ഏതെങ്കിലും മേല്‍നോട്ട പദവി ഉണ്ടാവരുത്.

ഏതെങ്കിലും വകുപ്പിന്റെ തലവനായി ജോലി ചെയ്യുന്ന ഡോക്ടറുമായിരിക്കരുതെന്നും നിബന്ധനയുണ്ട്. ഔദ്യോഗിക ജോലി സമയത്തിന് പുറത്തുള്ള ജോലിയുമായി സര്‍ക്കാര്‍ ജോലിയെ കൂട്ടിച്ചേര്‍ക്കരുതെന്നതാണ് മറ്റൊരു നിബന്ധന. അഥവാ ഔദ്യോഗിക ജോലി സമയങ്ങളില്‍ സ്വകാര്യ പ്രാക്ടീസ് അനുവദിക്കുകയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.