സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ ഉപയോഗിച്ച് വാങ്ങുന്ന വിമാന, ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ പണം മടക്കി നല്‍കില്ല. നിരോധിച്ച 1000, 500 രൂപാ നോട്ടുകള്‍ ഉപയോഗിച്ച് വാങ്ങിയ ട്രെയിന്‍ ടിക്കറ്റും വിമാന ടിക്കറ്റും റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ലെന്ന് അധികൃതര്‍. കള്ളപ്പണം വെളുപ്പിക്കാനും 500, 1000 രൂപാ നോട്ടുകള്‍ ചെലവാക്കാനും ആളുകള്‍ അധികമായി വിമാന – ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും പിന്നീട് ക്യാന്‍സല്‍ ചെയ്ത് പണമാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം.
ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദ്ദേശം പക്ഷെ യഥാര്‍ത്ഥ വിമാന യാത്രക്കാര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്. നോട്ടുകള്‍ നിരോധിച്ച പ്രഖ്യാപനം വന്ന ഉടനെ വിമാനത്താവളങ്ങളില്‍ അസാധാരണ തിരക്ക് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1 കോടിക്ക് മുകളില്‍ ടിക്കറ്റ് വില്പന നടന്നതായി സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.
20 മുതല്‍ 25 ലക്ഷം രൂപയുടെ വരെ ടിക്കറ്റുകള്‍ വിറ്റിരുന്ന കൗണ്ടറുകളില്‍ പ്രഖ്യാപനത്തിനുശേഷം ഒരു കോടിയില്‍ പരം രൂപയുടെ ടിക്കറ്റുകളാണ് വിറ്റത്. തുടര്‍ന്നാണ് പുതിയ നിര്‍ദേശം വന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി വരെ 500, 1000 രൂപാ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുവാദമുള്ള സ്ഥലങ്ങളിലൊന്നാണ് എയര്‍പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ താരതമ്യേന ഉയര്‍ന്ന നിരക്കുകളുള്ള വിമാന ടിക്കറ്റുകള്‍ വാങ്ങി കള്ളപ്പണം വെളിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.
വളരെ വേഗം ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് പുതിയ നോട്ടുകള്‍ നല്‍കേണ്ടെന്ന തീരുമാനം റെയില്‍വേയും സ്വീകരിച്ചു. ടിക്കറ്റ് എടുക്കുന്നവരേക്കാള്‍ ക്യാന്‍സല്‍ ചെയ്യുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ തിരികെ കൊടുക്കാന്‍ കറന്‍സി ഇല്ലാതെ റെയില്‍വേ ബുക്കിംഗ് അധികൃതര്‍ ബുദ്ധിമുട്ടിലായി. അതോടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് റെസിപ്റ്റ് നല്‍കുകയാണ് ഇപ്പോള്‍. 10000 രൂപയുടെ മുകളിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് അക്കൗണ്ടിലേക്ക് തുക മടക്കി നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല