സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധനയില്ലെന്ന് സര്‍ക്കാര്‍, പുറത്തുപോകല്‍ നടപടികളുമായി മുന്നോട്ട് പോകും. രണ്ടാമതൊരു ഹിതപരിശോധന നടത്തുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ വക്താവ് വ്യക്തമാക്കി. വീണ്ടും ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് 37ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് വക്താവ് ഇക്കാര്യം പറഞ്ഞത്. വീണ്ടും ഒരു ഹിതപരിശോധന എന്ന ആവശ്യത്തെക്കുറിച്ചു കാബിനറ്റ് പരിഗണിച്ചതേയില്ല.
വ്യാഴാഴ്ചത്തെ ഹിതപരിശോധനയില്‍ 52% പേര്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് അനുകൂലമായി വിധിയെഴുതിയിരുന്നു. ജനവിധി മാനിക്കുമെന്നും ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനുള്ള തന്റെ പിന്‍ഗാമിക്കായിരിക്കുമെന്നും വ്യക്തമാക്കി കാമറോണ്‍ പ്രധാനമന്ത്രിസ്ഥാനത്തുനിന്നു രാജി പ്രഖ്യാപിച്ചു. ഒക്ടോബറില്‍ പുതിയ പ്രധാനമന്ത്രി വന്നിട്ടാവും ബ്രെക്‌സിറ്റ് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുക.
ഇതിനിടെ കുടിയേറ്റക്കാര്‍ക്ക് എതിരേ വംശീയ വിദ്വേഷപരമായ ആക്രമണങ്ങള്‍ ബ്രിട്ടനില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. അസഹിഷ്ണുത വച്ചുപൊറുപ്പിക്കില്ലെന്ന് ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ കാമറോണ്‍ വ്യക്തമാക്കി.
ബ്രിട്ടന്‍ യൂറോപ്പിനും ലോകത്തിനും പുറംതിരിഞ്ഞു നില്‍ക്കരുതെന്നും കാമറോണ്‍ ഓര്‍മിപ്പിച്ചു. ബ്രെക്‌സിറ്റിന്റെ അനന്തരഫലം നേരിടാന്‍ തക്കവിധം ബ്രിട്ടീഷ് സമ്പദ്ഘടന ശക്തമാണെന്ന് ചാന്‍സലര്‍ ഓസ്‌ബോണും പറഞ്ഞു.
ഇതേസമയം, ലേബര്‍ പാര്‍ട്ടിയില്‍ ജെറമി കോര്‍ബിനെതിരേ കലാപക്കൊടി ഉയര്‍ന്നു. ഹിതപരിശോധന കൈകാര്യം ചെയ്ത കോര്‍ബിന്റെ രീതിയില്‍ പ്രതിഷേധിച്ച് നിഴല്‍മന്ത്രിസഭയിലെ 16 പേര്‍ രാജിവച്ചു. ഇയുവില്‍ നിലനില്‍ക്കുന്നതിനുവേണ്ടിയായിരുന്നു ലേബര്‍ പാര്‍ട്ടി പ്രചാരണം നടത്തിയത്. എന്നാല്‍ ഇയുവിന്റെ കടുത്തവിമര്‍ശകനായ കോര്‍ബിന്‍ പാര്‍ട്ടി നയം നടപ്പാക്കുന്നതില്‍ അലംഭാവം കാട്ടിയെന്നാണ് ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല