1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2012

ലണ്ടന്‍ : മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ടോണി ബ്ലെയര്‍ അടുത്തകാലത്തൊന്നും തിരിച്ചുവരില്ലെന്ന് സൂചനകള്‍. പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലും ലേബര്‍ പാര്‍്ട്ടിയില്‍ ബ്ലെയറിന്റെ സ്ഥാനം എന്താണന്ന് കൃത്യമായി നിര്‍വചിക്കാത്തതാണ് ഷാഡോ കാബിനറ്റിലേക്കും അതുവഴി സജീവ രാഷ്ട്രീയത്തിലേക്കുമുളള അദ്ദേഹത്തിന്റെ മടങ്ങിവരവിന് തടസ്സമായി നില്‍ക്കുന്നത്. ബ്ലെയറിനൊപ്പം ലേബര്‍പാര്‍ട്ടി നേതാവ് എഡ്മിലിബാന്‍ഡിന്റെ മൂത്ത സഹോദരന്‍ ഡേവിഡ് മിലിബാന്‍ഡും ഉടനെയൊന്നും ഷാഡോ കാബിനറ്റിലെത്താന്‍ സാധ്യതയില്ലെന്നും ലേബര്‍പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 2010 സെപ്റ്റംബറില്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡേവിഡ് മിലിബാന്‍ഡിനെ സഹോദരന്‍ എഡ്മിലിബാന്‍ഡ് പരാജയപ്പെടുത്തിയിരുന്നു.

അടുത്തിടെ എംപിമാരുടെ സ്വത്തുവിവരങ്ങളെ കുറിച്ച് പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ച് വിവിധ പദവികളില്‍ നിന്നായി ഡേവിഡ് മിലിബാന്‍ഡിന് 440,000 പൗണ്ട് വരുമാനം ലഭിക്കുന്നുണ്ട്. വരുന്ന സെപ്റ്റംബറില്‍ ഡേവിഡ് കാമറൂണ്‍ കാബിനറ്റില്‍ വന്‍ അഴി്ച്ചുപണികള്‍ക്ക് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഷാഡോ കാബിനറ്റിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് തനിക്ക് ഒരു തിരക്കുമില്ലെന്ന് ഡേവിഡ് മിലിബാന്‍ഡ് മറുപടി പറഞ്ഞു.

എന്നാല്‍ അടുത്തിടെ ടോണി ബ്ലെയര്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകള്‍ തന്നിരുന്നു. അ്‌ദ്ദേഹത്തെ ഒളിമ്പിക് ലെഗസി അഡൈ്വസറായി നിയമിച്ചത് ഈ ഉദ്ദേശത്തിലായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയിരുന്നത്. ആഴ്‌സണല്‍ ഫുട്‌ബോള്‍ ക്ലബ്ബിനൊപ്പം എഡ്മിലിബാന്‍ഡും ടോണി ബ്ലെയറും ഡിന്നറില്‍ പങ്കെടുത്തതും ലേബര്‍ എംപി കെയ്ത് വാ്‌സ് സംഘടിപ്പിച്ച റിസപ്ഷനില്‍ പങ്കെടുത്തതും ടോണി ബ്ലെയര്‍ രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. അടുത്തിടെ വീണ്ടും പ്രധാനമന്ത്രി പദം നല്‍കിയാല്‍ സ്വീകരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തീര്‍ച്ചയായും സ്വീകരിക്കും എന്ന് മറുപടി നല്‍കിയതും അനുകൂല സൂചനകള്‍ നല്‍കിയിരുന്നു.

എന്നാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എഡ് മിലിബാന്‍ഡാകും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ് ലേബര്‍ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയുടെ ഇലക്ഷന്‍ ക്യാമ്പെയ്‌നുകളില്‍ ബ്ലെയര്‍ പങ്കെടുക്കും. എന്നാല്‍ ബ്ലെയറിന്റെ രാഷ്ട്രീയ സാമ്പത്തിക ഇടപാടുകള്‍ അദ്ദേഹത്തിന്റെ സാധ്യതകളെ പുറകോട്ട് നയിക്കുന്നതായി പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇറാഖ് യുദ്ധവും വാര്‍ഷിക വരുമാനത്തെ സംബന്ധിച്ച വിവാദങ്ങളും ബ്ലെയറിന്റെ ജനപ്രീതി കുറച്ചു. ഒരു വര്‍ഷം 20 മില്യണാണ് ബ്ലെയറിന്റെ വരുമാനം. അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ജെപി മോര്‍ഗന്റെ ഉപദേശക സ്ഥാനത്തിന് വര്‍ഷം 2.5 മില്യണ്‍ പൗണ്ടാണ് അവര്‍ ബ്ലെയറിന് പ്രതിഫലം നല്‍കുന്നത്. സൂറിച്ച് ഇന്‍ഷ്വറന്‍സ് ഗ്രൂപ്പില്‍ ഒരു പ്രാവശ്യം നടത്തുന്ന പ്രസംഗത്തിന് 200,000 പൗണ്ടാണ് പ്രതിഫലമായി ഈടാക്കുന്നത്. ബ്ലെയറിന്റെ സാമ്പത്തിക കാര്യ ഉപദേശസ്ഥാപനമായ ടോണി ബ്ലെയര്‍ അസോസിയേറ്റ്‌സിന് ഖസാക്കിസ്ഥാനിലേയും കുവൈറ്റിലേയും സര്‍ക്കാരുമായി ഇടപാടുകളുണ്ട്. ഒപ്പം അബുദാബിയിലും ചൈനയിലും നിക്ഷേപങ്ങളുമുണ്ട്. അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവുകളെക്കാള്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കാനുളള സാധ്യത കൂടുതല്‍ ലേബര്‍ പാര്‍ട്ടിക്കാണന്ന് കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.