സ്വന്തം ലേഖകന്‍: യാത്രാരേഖകളില്ല, അവധിക്കാലം ആഘോഷിക്കാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകാനെത്തിയ ആറു വയസുകാരനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു, കുട്ടിയെ ഒറ്റക്കാക്കി സംഘാംഗങ്ങള്‍ പറന്നു. ബന്ധുക്കള്‍ക്കൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയ ആറു വയസ്സുകാരനാണ് മാതാപിതാക്കളെ കൂടാതെ കുട്ടിക്ക് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കാണിച്ച് അധികൃതര്‍ വിമാനത്താവളത്തില്‍ പിടിച്ചുനിര്‍ത്തിയത്.
ആറു വയസ്സുകാരനെ ഒറ്റയ്ക്ക് വിട്ട് യാത്ര സംഘത്തിലെ മറ്റുള്ളവര്‍ വിമാനത്തില്‍ കയറി ദക്ഷിണാഫ്രിക്കയിലേക്കും പുറപ്പെട്ടു. വിവരമറിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയ പിതാവ് കണ്ടത് കരഞ്ഞുകൊണ്ട് നില്ക്കുന്ന മകനെയാണ്. മുംബൈയിലെ പ്രമുഖ പരസ്യ ഏജന്‍സിയായ ‘മാഡ്’ന്റെ ഉടമയായ പിയൂഷ് താക്കറിന്റെ മകന് ജെയ്ക്കാണ് ടൂര്‍ ഏജന്‍സിയുടെ ശ്രദ്ധക്കുറവു മൂലം ദുരനുഭവം ഉണ്ടായത്. ഹീന ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന കമ്പനിയെയാണ് ഇവര്‍ സമീപിച്ചിരുന്നത്.
കമ്പനിയുടെ നിരുത്തരവാദപരമായ സമീപവും തങ്ങള്‍ക്കുണ്ടായ ദുരനുഭവവും ചോദ്യം ചെയ്ത് മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. താക്കറും ഭാര്യയും മകനുമൊത്താണ് 12 ദിവസത്തെ യാത്ര പോകാന്‍ ആദ്യം തീരുമാനിച്ചത്. പിന്നീട് താക്കറെ തന്റെ സഹോദരനെയും കുടുംബത്തേയും യാത്രയില്‍ ഒപ്പം കൂട്ടി. മേയ് 19നാണ് യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ 18ന് താക്കറിന് നെഞ്ചുവേദന വരികയും ആന്‍ജിപ്ലാസ്റ്റിക് വിധേയനായി വിശ്രമത്തിലാവുകയും ചെയ്തു.
ഇതോടെ താക്കറും ഭാര്യയും യാത്ര റദ്ദാക്കി. പകരം തന്റെ സഹോദരന്റെ കുടുംബത്തിനൊപ്പം മകനെ വിടാന്‍ തീരുമാനിച്ചു. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയ ജെയ്നെ കാത്തിരുന്നത് മറ്റൊരു വിധിയായിരുന്നു. കുട്ടികളുടെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കയിലെ നിയമം ശക്തമാണെന്നും മാതാപിതാക്കളില്ലാതെ കൊണ്ടുപോകുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ഹാജരല്ലെന്നും കാണിച്ച് വിമാനത്താവള അധികൃതര്‍ യാത്ര നിഷേധിച്ചു. പല തവണ ചോദിച്ചുവെങ്കിലും അധികൃതര്‍ കനിയാതെ വന്നതോടെ ജെയ്നെ വിമാനത്താവളത്തില്‍ ഒറ്റയ്ക്ക് നിര്‍ത്തി പിതൃസഹോദരനും കുടുംബവും മറ്റുള്ളവരും പുലര്‍ച്ചെ മൂന്നു മണിയോടെ വിമാനത്തില്‍ കയറി.
യാത്ര പോകേണ്ട ദിവസമാണ് പാസ്പോര്‍ട്ടും ടിക്കറ്റും മറ്റു രേഖകളും കമ്പനി ഇവര്‍ക്ക് നല്‍കിയത്. ജെയ്ക്കുള്ള രേഖകള്‍ ലഭിച്ചില്ലെന്ന് വിവരം അറിയിച്ചിരുന്നില്ലെന്നും പീയൂഷ് പറയുന്നു. എന്നാല്‍ ഈ ആരോപണം കമ്പനി നിഷേധിച്ചു. എല്ലാ രേഖകളും നല്‍കിയിരുന്നുവെന്നും കുട്ടിയുടെ കാര്യം താക്കറിന്റെ ഓഫീസില്‍ അറിയിച്ചിരുന്നുവെന്നും കമ്പനി അറിയിച്ചു. താക്കറിന്റെ ഓഫീസിലെ ജീവനക്കാര്‍ക്ക് പറ്റിയ പിഴവായിരിക്കാം ഇതിനു കാരണം. താക്കര്‍ കേസ് നല്കിയാല് കോടതിയില്‍ നേരിടാമെന്നാണ് ഇവരുടെ നിലപാട്.
ഭീകരവാദത്തിന് എതിരായ യുദ്ധത്തിൽ യൂറോപ്പ് നായക സ്ഥാനത്തെന്ന് മോദി, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജർമൻ സന്ദർശനം അവസാനിച്ചു, ബുധനാഴ്ച സ്പെയിനിലേക്ക്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല