1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2017

സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് ഖത്തറിന്റെ സമ്മാനം, ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസയും സ്റ്റാമ്പ് ഫീസും ഒഴിവാക്കി. ഖത്തര്‍ ടൂറിസം അതോറിററി അധികൃതര്‍ ആണ് ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യക്കാര്‍ക്ക് ഈ സൗജന്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു.

ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി ആവശ്യം. യാത്രക്കാരന്റെ പൗരത്വം നോക്കിയായിരിക്കും താമസിക്കാനുള്ള അനുമതി നല്‍കുന്നത്. 30 ദിവസം മുതല്‍ 180 ദിവസം വരെയുള്ള പലതരത്തിലുള്ളതായിരിക്കും താമസാനുമതി. ചിലതില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കും. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം എന്നാണ് നിഗമനം.

സന്ദര്‍ശകന്റെ പൗരത്വം അനുസരിച്ച് ഒന്നുകില്‍ 180 അല്ലെങ്കില്‍ 90 ദിവസം രാജ്യത്ത് ചെലവഴിക്കാന്‍ അനുമതി നല്‍കും. അല്ലെങ്കില്‍ മുപ്പത് ദിവസത്തേക്കാകും അനുമതി. അധിക മുപ്പത് ദിവസത്തേക്ക് കൂടി രാജ്യത്ത് ചെലവഴിക്കാനുള്ള അനുമതി നീട്ടാനുള്ള സാധ്യതയും ഉണ്ടാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് രാജ്യത്തേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. അമേരിക്ക, യു.കെ, ദക്ഷിണാഫ്രിക്ക, സെയ്‌ഷെല്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ഈ സൗകര്യമുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.