സ്വന്തം ലേഖകന്‍: കൊറിയന്‍ മുനമ്പില്‍ ആണവ യുദ്ധത്തിനുള്ള സാധ്യത തള്ളി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്, ഉത്തര കൊറിയന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ യുഎസിന് പൂര്‍ണ പിന്തുണ. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നയങ്ങള്‍ സമാനമാണെന്നും കൊറിയന്‍ ഉപദ്വീപുകളില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയില്ലെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ വ്യക്തമാക്കി.
അധികാരത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മൂണിന്റെ പ്രതികരണം. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള സൈനിക നീക്കം നടത്തുകയാണെങ്കില്‍ ദക്ഷിണ കൊറിയയുമായി ആലോചിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തര കൊറിയയ്‌ക്കെതിരെ ശക്തമായ സമ്മര്‍ദമുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നാണ് ആഗ്രഹം. ഈ വിഷയത്തില്‍ യുഎസിന്റെയും ഞങ്ങളുടെയും അഭിപ്രായം ഒന്നുതന്നെയാണ് – മൂണ്‍ പറഞ്ഞു.
ഉത്തര കൊറിയ തുടര്‍ച്ചയായി നടത്തുന്ന ആണവ പരീക്ഷണങ്ങളെ മൂണ്‍ ജേ ഇന്‍ വിമര്‍ശിച്ചു. ഉത്തര കൊറിയ പ്രകോപനം തുടര്‍ന്നാല്‍, കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. സാഹസത്തിന് മുതിര്‍ന്ന് അപകടം വരുത്തിവയ്ക്കരുതെന്നും മൂണ്‍ വ്യക്തമാക്കി. യുഎസും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ദക്ഷിണ കൊറിയയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
ഉത്തര കൊറിയയുമായി സമാധാനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്നും എന്നാല്‍ ഏതു ഭീഷണിയും നേരിടാന്‍ തങ്ങള്‍ക്ക് ശക്തവും വിശ്വസനീയവുമായ സൈനിക സന്നാഹമുണ്ടെന്നും ചൈന സന്ദര്‍ശിക്കുന്ന യു.എസ്. ജോയന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ജനറല്‍ ജോ ഡെന്‍ഫോര്‍ഡ് നേരത്തെ പറഞ്ഞിരുന്നു. ദക്ഷിണ കൊറിയയുമായി നടത്തുന്ന സൈനികാഭ്യാസവും സഹകരണവും തുടരുമെന്നും ഡെന്‍ഫോര്‍ഡ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല