സ്വന്തം ലേഖകൻ: സമാനധാനത്തിനുള്ള നോബേൽ പുരസ്കാര ജേതാവും പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയുമായ മലാല യൂസഫ്സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളിൽ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമൻസ് സെന്റര്‍ ജനറൽ മാനേജറായ അസീര്‍ മാലിക്കാണ് വരൻ. ബര്‍മിങ്ങാമിലെ വസതിയിൽ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത് എന്ന് മലാല ട്വിറ്ററിൽ കുറിച്ചു. വിവാഹത്തിന്റെ ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്.
“ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ഒരു ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാൻ തീരുമാനിച്ചു. ഞങ്ങൾ കുടുംബത്തോടൊപ്പം ബർമിങ്ങ്ഹാമിലെ വീട്ടിൽ ഒരു ചെറിയ നിക്കാഹ് ചടങ്ങ് ആഘോഷിച്ചു. ദയവായി നിങ്ങള്‍ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കൂ. മുന്നോട്ടുള്ള യാത്രയിൽ ഒരുമിച്ച് നടക്കാൻ ഞങ്ങൾ ആവേശത്തിലാണ്.” എന്ന് മലാല തന്റെ ട്വിറ്ററിൽ കുറിച്ചു.
പാകിസ്ഥാൻ പൗരയായ മലാല ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ പുരസ്കാര ജേതാവാണ്. 24 കാരിയായ മലാലയും കുടുംബവും ഏറെ നാളുകളായി ബ്രിട്ടണിലാണ് താമസം. 2012ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊണ്ടതിന് പതിനഞ്ചാം വയസ്സിൽ പാക് താലിബാൻ ഭീകരര്‍ ഇവരെ വെടിവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പാകിസ്ഥാനിൽ മാത്രം അറിയപ്പെട്ടിരുന്ന മലാല ലോകശ്രദ്ധയിൽ എത്തിയത്.
ജീവിതത്തിൽ സ്നേഹിക്കുന്ന ഒരു വ്യക്തി ഉണ്ടായിരിക്കണമെങ്കിൽ വിവാഹ കരാറിൽ ഒപ്പുവെക്കുന്നത് എന്തിനാണെന്നായിരുന്നു മുമ്പ് ഒരു അഭിമുഖത്തിൽ മലാല ചോദിച്ചത്. ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാൻ ഒരു കരാറിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞ മലാലയുടെ മനം കവർന്ന അസർ മാലിക്കിനെ കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമത്തിലായിരുന്നു നെറ്റിസൺസ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല