സ്വന്തം ലേഖകന്‍: ‘വെളിച്ചം കൊണ്ട് ചികിത്സ’, ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നോബേല്‍ ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച മൂന്നു പേര്‍ക്ക്. അര്‍ബുദ ചികില്‍സാരംഗത്തും നേത്ര ശസ്ത്രക്രിയയിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച ആര്‍തര്‍ ആഷ്‌കിന്‍, ഷെറാദ് മൊറു, ഡോണ സ്ട്രിക്‌ലന്‍ഡ് എന്നിവരാണു പുരസ്‌കാരം പങ്കിട്ടത്.
ശാസ്ത്രനോവലുകളില്‍ മാത്രം കാണാറുന്ന ‘ഒപ്റ്റിക്കല്‍ റ്റ്വീസര്‍’ എന്ന ലേസര്‍ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവാണ് ആഷ്‌കിന്‍. പ്രകാശം കൊണ്ടു മുറിവേല്‍പ്പിക്കാതെയുള്ള ഫലപ്രദമായ ചികില്‍സയ്ക്ക് ഇതു വഴിയൊരുക്കി. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഹ്രസ്വവും ശക്തിയുള്ളതുമായ ലേസര്‍ സ്പന്ദനങ്ങള്‍ക്കു പിന്നിലെ തലച്ചോറ് മൊറുവിന്റെയും ശിഷ്യ സ്ട്രിക്‌ലന്‍ഡിന്റെയുമാണ്.
അനുബന്ധഭാഗങ്ങള്‍ക്കു കേടുപാടുണ്ടാക്കാത്തവിധം ലേസര്‍ രശ്മികളുടെ ദൈര്‍ഘ്യം പരമാവധി കുറച്ചും തീവ്രത പരമാവധി കൂട്ടിയും ഇവര്‍ വികസിപ്പിച്ച ചേര്‍പ്ഡ് പള്‍സ് ആംപ്ലിഫിക്കേഷന്‍ (സിപിഎ) സങ്കേതം അര്‍ബുദ ചികില്‍സയിലും നേത്രശസ്ത്രക്രിയകളിലും അവശ്യഘടകമാണ്. പത്തു ലക്ഷം ഡോളര്‍ പുരസ്‌കാരത്തുകയുടെ ആദ്യ പകുതി ആഷ്‌കിനും രണ്ടാം പകുതി വീണ്ടും പകുത്ത് മൊറു–സ്ട്രിക്‌ലന്‍ഡ് ടീമിനും ലഭിക്കും.
കാനഡക്കാരിയായ ഡോണ സ്ട്രിക്‌ലന്‍ഡ് കാനഡക്കാരി. വാട്ടര്‍ലൂ സര്‍വകലാശാലയില്‍ പ്രഫസറാണ്. 1903 ല്‍ മേരി ക്യൂറിക്കും 1963 ല്‍ മരിയ ജ്യൊപൊര്‍ട് മെയറിനും ശേഷം ഭൗതികശാസ്ത്ര നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണു ഡോണ സ്റ്റിക്‌ലന്‍ഡ്. 55 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണീ നേട്ടം. 2015നു ശേഷം നൊബേല്‍ നേടുന്ന ആദ്യ വനിതയും ഇവര്‍ തന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല